| Tuesday, 19th April 2022, 2:52 pm

സാമ്പത്തിക പ്രതിസന്ധിക്കിടെ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി മഹീന്ദ രജപക്‌സെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരവെ, ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവുമായി പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ.

ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി എക്‌സിക്യൂട്ടീവ്, ലെജിസ്ലേചര്‍, ജുഡീഷ്യറി എന്നീ വിഭാഗങ്ങളുടെ പോസിറ്റീവ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന പ്രൊപ്പോസല്‍ ആണ് മഹീന്ദ രജപക്‌സെ മുന്നോട്ട് വെച്ചത്.

ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് വിവിധ വശങ്ങളില്‍ നിന്നും വരുന്ന ആവശ്യങ്ങളില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മഹീന്ദ രജപക്‌സെ പറഞ്ഞു.

ജനങ്ങളില്‍ നിന്നുള്ള ഈ അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ പുതിയ കാബിനറ്റിന് മുന്നില്‍ ഭരണഘടനാ ഭേദഗതിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് മഹീന്ദ ലക്ഷ്യമിടുന്നത്.

”ഭേദഗതി ചെയ്ത ഭരണഘടന ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകുന്നതായിരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” രജപക്‌സെ പ്രതികരിച്ചു.

അതേസമയം, ലങ്കയില്‍ കഴിഞ്ഞദിവസം 17 അംഗ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റ് ഗോതബയ രജപക്‌സെ ആണ് പുതിയ മന്ത്രിസഭയെ നിയമിച്ചത്. 17 അംഗ മന്ത്രിസഭയില്‍ അധികം പേരും പഴയ മന്ത്രിസഭയില്‍ തന്നെയുണ്ടായിരുന്നവരാണ്.

ജനങ്ങളുടെ കടുത്ത് പ്രതിഷേധങ്ങളെത്തുടര്‍ന്നായിരുന്നു ശ്രീലങ്കയിലെ മന്ത്രിസഭ നേരത്തെ രാജിവെച്ചത്. എന്നാല്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയും പ്രധാനമന്ത്രിയായ സഹോദരനും തല്‍സ്ഥാനത്ത് തുടരുകയായിരുന്നു.

Content Highlight: Sri Lankan PM Mahinda Rajapaksa proposes to amend the Constitution amid Economic Crisis

We use cookies to give you the best possible experience. Learn more