കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യം ഭൂരിപക്ഷം നേടുമെന്ന് പ്രസിഡന്റ് അനുരകുമാര ദിസനായകെ. നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്‍ മുന്‍തൂക്കമുണ്ടാവുമെന്നും കേവല ഭൂരിപക്ഷമുണ്ടാവുമെന്നുമാണ് ദിസനായകെയുടെ പ്രതികരണം.
ശ്രീലങ്കയില്‍ വഴിത്തിരിവുണ്ടാക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ദിസനായകെ പറഞ്ഞു.
ഇന്നലെ (14/11/24) നടന്ന പാലമെന്റ് തെരഞ്ഞെടുപ്പില്‍ ഫലം ഇന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തി ഏഴ് ആഴ്ചക്കള്‍ക്കിപ്പുറമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ എന്‍.പി.പി സഖ്യം ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ് സഖ്യമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിടുകയും തെരഞ്ഞെടുപ്പിലേക്ക് എത്തുകയുമായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകയെയുമായി പരാജയപ്പെട്ട സജിത് പ്രേംദാസാണ് പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജെ.വി.പിയുടെ നേതൃത്വത്തിലുള്ള എന്‍.പി.പി സഖ്യം പ്രതിപക്ഷത്തേക്കാള്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ കാഴ്ച്ചവച്ചിരുന്നതായും ഇത് തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുരകുമാര ദിസനായകെ വിജയിച്ചതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
ദിസനായകയുടെ നേതൃത്വത്തിലുള്ള ജെ.വി.പി ഉള്‍പ്പെടെയുള്ള എന്‍.പി.പി സഖ്യത്തിന് മൂന്ന് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിങ് കുറവായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 60 മുതല്‍ 65 ശതമാനം വരെയാണ് പോളിങ് രേഖപ്പെടുത്തിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 225 സീറ്റുകളില്‍ 195 എം.പിമാരായിരിക്കും നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നത്. ബാക്കിയുള്ളവരെ ആനുപാതിക പ്രതിനിധ്യം വഴി വോട്ടുകളുടെ ശതമാനത്തിനനുസരിച്ച് പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്യുകയാവും.
Content Highlight: Sri Lankan Parliamentary Elections; Anurakumara Dissanayake said that the election will be a turning point