റനില്‍ വിക്രമ സിംഗെയെ ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു
World News
റനില്‍ വിക്രമ സിംഗെയെ ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 1:49 pm

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ ശ്രീലങ്കന്‍ പാര്‍ലമെന്റ് ബുധനാഴ്ച തെരഞ്ഞെടുത്തു. 219ല്‍ 134 വോട്ട് നേടിയാണ് വിക്രമ സിംഗെ ശ്രീലങ്കന്‍ പ്രസിഡന്റായത്. രാജ്യത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജി വെച്ചതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി റെനില്‍ വിക്രമ സിംഗയെ തെരഞ്ഞെടുത്തിരുന്നു.

ഭരണകക്ഷി എം.എല്‍.എ ദല്ലാസ് അളഹപ്പെരുമ, ഇടതുപക്ഷ ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസനായക എന്നിവരാണ് വിക്രമ സിംഗെയ്ക്ക് എതിരായി മത്സരിച്ചത്.

റനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്.എല്‍.പി.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദല്ലാസ് അളഹപ്പെരുമക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബി പ്രഖ്യാപിച്ചിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പിന്തുണ അളഹപ്പെരുമക്ക് ലഭിച്ചിരുന്നു.

മുമ്പ് ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായ നേതാവാണ് റനില്‍ വിക്രമ സിംഗെ. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനില്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പാര്‍ലമെന്റിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. റനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡന്റിന്റെ കോലം പ്രസിഡന്റ് ഓഫീസിന് മുന്നില്‍ പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു.

Content Highlight: Sri Lankan Parliament elected Ranil Wickramanga as the President of Sri Lanka on Wednesday