| Sunday, 15th May 2022, 10:59 pm

ചൈനീസ് അധികൃതരുമായി സംസാരിച്ച് ഒരു പരിഹാരത്തിലെത്തണം; ശ്രീലങ്കയുടെ കടമെടുപ്പില്‍ പ്രതികരിച്ച് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ചും ചൈനയില്‍ നിന്നും ശ്രീലങ്ക കടമെടുത്തതിനെക്കുറിച്ചും പ്രതികരിച്ച് ശ്രീലങ്കന്‍ എം.പി.

പ്രതിപക്ഷ എം.പി ഹര്‍ഷ ഡി സില്‍വയാണ് ചൈനീസ് കടക്കെണി വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

”സംഭവിച്ചത് എന്തായാലും സംഭവിച്ചു. അക്കാര്യങ്ങളൊന്നും നമുക്ക് മാറ്റാന്‍ കഴിയില്ല. കടക്കെണിയില്‍ നിന്നും എങ്ങനെ പുറത്തുവരാം എന്നതിന്റെ വഴി നോക്കുക, എന്നതാണ് നമുക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം.

നമുക്ക് ഇത് റീസ്ട്രക്ചര്‍ ചെയ്യേണ്ടതുണ്ട്. ചൈനീസ് അധികൃതരുമായി സംസാരിച്ച് ഇതിനൊരു പരിഹാരത്തിലെത്തേണ്ടതുണ്ട്,” സമാഗി ജന ബലവേഗയ പാര്‍ട്ടി നേതാവ് കൂടിയായ ഹര്‍ഷ ഡി സില്‍വ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

ധനക്കമ്മിയും ബജറ്റിന് വേണ്ടത്ര പണമില്ലാത്തതും കാരണം കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയും ചൈനയുമടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക വലിയ തോതില്‍ പണം കടം വാങ്ങുന്നുണ്ട്.

വിദേശ നിക്ഷേപങ്ങളുടെ സഹായത്തോടെ രാജ്യത്ത് നിരവധി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചൈന ശ്രീലങ്കയെ കടക്കെണിയില്‍ കുടുക്കിയതാണെന്നും ചൈനീസ് കടങ്ങളാണ് ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമെന്നുമുള്ള തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ശ്രീലങ്കന്‍ കടങ്ങളുടെ കണക്കുകളടങ്ങുന്ന തെളിവുകള്‍ സഹിതം സാമ്പത്തിക വിദഗ്ധര്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ജനങ്ങളുടെ വലിയ പ്രതിഷേധം കാരണം പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹീന്ദ രജപക്‌സെ രാജി വെക്കുകയും പകരം മുന്‍ പ്രധാനമന്ത്രി കൂടിയായ റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, വിലക്കയറ്റവും ഭക്ഷ്യക്ഷാമവുമെല്ലാം കാരണം തെരുവിലിറങ്ങിയിരിക്കുന്ന ജനങ്ങള്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ കൂടി രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ്.

Content Highlight: Sri Lankan opposition MP Harsha de Silva on the argument that Chinese investment and debt caused economic crisis in the country

We use cookies to give you the best possible experience. Learn more