| Sunday, 19th June 2022, 2:17 pm

പെട്രോളിന് വേണ്ടി നിരത്തിലിറങ്ങി ജനങ്ങള്‍; വെടിയുതിര്‍ത്ത് ശ്രീലങ്കന്‍ പട്ടാളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: പെട്രോള്‍-ഡീസല്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പട്ടാളം. പെട്രോള്‍ പമ്പിനു മുമ്പില്‍ പ്രതിഷേധം ശക്തമായ വിസുവാമുഡുവിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് നേരെ ഇതാദ്യമായാണ് വെടിവെപ്പ് നടക്കുന്നത്. പട്ടാളവും ജനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെയും വെടിവെപ്പിനെയും തുടര്‍ന്ന് മൂന്ന് പട്ടാളക്കാരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൈന്യത്തിനെതിരെ കല്ലേറുണ്ടായെന്നും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചെന്നും, തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവേക്കേണ്ടി വന്നതെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

മുപ്പതോളം പേരാണ് പെട്രോള്‍ പമ്പിനു മുന്നിലുണ്ടായിരുന്നത്. പമ്പില്‍ പെട്രോള്‍ പൂര്‍ണമായും തീര്‍ന്നതോടെ ജനങ്ങള്‍ രോഷാകുലരായി. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഭക്ഷണവും മരുന്നും ഇന്ധനങ്ങളുമടക്കമുള്ള അവശ്യ വസ്തുക്കളൊന്നും തന്നെ ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

മാസങ്ങളായി രാജ്യത്ത് പ്രതിഷേധം തുടര്‍ന്നിട്ടും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഗോതബയ രജപക്‌സെ തയ്യാറായിട്ടില്ല.

Content Highlight: Sri Lankan military opens fire at protesters in front of Petrol pumps

We use cookies to give you the best possible experience. Learn more