കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നിശബ്ദമാക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍
details
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നിശബ്ദമാക്കുന്ന ശ്രീലങ്കന്‍ സര്‍ക്കാര്‍
നീതു രമമോഹന്‍
Saturday, 30th July 2022, 5:49 pm

രാജിയും രാജ്യംവിടലുകളുമടക്കമുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ പ്രസിഡന്റായും ദിനേഷ് ഗുണവര്‍ധനെ പ്രധാനമന്ത്രിയായും അധികാരമേറ്റിരിക്കുകയാണ്.

എന്നാല്‍ പ്രസിഡന്റായി അധികാരമേറ്റതിന്റെ പിറ്റേദിവസം മുതല്‍ തന്നെ തന്റെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നയം റനില്‍ വിക്രമസിംഗെ വ്യക്തമാക്കിക്കഴിഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍, സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ് ശ്രീലങ്കന്‍ സൈന്യം.

റനില്‍ വിക്രമസിംഗെ

സമര ക്യാമ്പുകളില്‍ റെയ്ഡ് നടത്തിക്കൊണ്ടും ക്യാമ്പുകള്‍ അടിച്ച് തകര്‍ത്ത് കൊണ്ടുമാണ് എതിര്‍ ശബ്ദങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്.

ജൂലൈ 20ന് റനില്‍ വിക്രമസിംഗെ പസിഡന്റായി അധികാരമേറ്റതിന് തൊട്ടു പിന്നാലെയായിരുന്നു സൈന്യത്തെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. ജൂലൈ 21 അര്‍ധരാത്രിയോടെയായിരുന്നു സൈനിക നടപടികള്‍ ആരംഭിച്ചത്.

തലസ്ഥാനമായ കൊളംബോയിലെ സര്‍ക്കാര്‍ വിരുദ്ധ സമരകേന്ദ്രങ്ങളിലാണ് സൈന്യം റെയ്ഡ് നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത്.

പ്രസിഡന്റിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന ദിവസങ്ങളോളമായി തമ്പടിച്ചിരുന്ന പ്രക്ഷോഭകരെ അടിച്ചോടിച്ച സൈന്യം സമരപന്തലുകള്‍ അടിച്ചുതകര്‍ത്തു. അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കം സമരത്തിന്റെ ഭാഗമായിരുന്ന നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ രണ്ട് മണിയോടുകൂടി ഇരച്ചെത്തിയ സൈന്യം സമരക്കാരുടെ ടെന്റുകള്‍ അടിച്ചുതകര്‍ത്തുവെന്നും സമരക്കാരെ ക്രൂരമായി ഉപദ്രവിച്ചെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ തന്നെ പ്രതികരിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സൈന്യത്തിന്റ ആക്രമണമുണ്ടായി.

ഇതിനൊപ്പം, രാജ്യത്തെ പ്രതിപക്ഷ നിരയിലെ ജനകീയ ശബ്ദങ്ങളിലൊന്നായ ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് ശ്രീലങ്കന്‍ പൊലീസ് റെയ്ഡ് ചെയ്തതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 വെള്ളിയാഴ്ച രാവിലെയായിരുന്നു റെയ്ഡ്.

എന്നാല്‍ പരിശോധന നടത്തിയ സംഘത്തിന്റെ പക്കല്‍ സെര്‍ച്ച് വാറന്റ് ഉണ്ടായിരുന്നില്ലെന്നും സിവില്‍ വേഷത്തില്‍ പാര്‍ട്ടിയുടെ നുഗെഗൊഡ ഓഫീസില്‍ പരിശോധനക്കെത്തിയ സംഘത്തിലെ ഒരാള്‍ മാത്രമാണ് പൊലീസ് യൂണിഫോം ധരിച്ചിരുന്നതെന്നും ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രൊപ്പഗാണ്ട സെക്രട്ടറി ദുമിന്ദ നാഗമുവ പറഞ്ഞു.

ഒരു സംഘം വന്ന് തിരച്ചില്‍ നടത്തി പോയതിന് ശേഷം വീണ്ടുമൊരു സംഘം വന്നുവെന്നും ഇത് ‘വ്യക്തമായ ഭരണകൂട അടിച്ചമര്‍ത്തലാ’ണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കണ്‍വീനര്‍ വസന്ത മുദലിഗെക്ക് വേണ്ടി നടത്തിയ തിരച്ചിലിന്റെ ഭാഗമായാണ് പൊലീസ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയതെന്ന് ദുമിന്ദ നാഗമുവ പറഞ്ഞതായും കൊളംബോ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വോട്ട് ബാങ്ക് കണക്കുകളും വെച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറിയ പാര്‍ട്ടിയാണ് എഫ്.എസ്.പി. എങ്കില്‍പോലും സര്‍ക്കാര്‍ അതിനെ ലക്ഷ്യം വെക്കുന്നു എന്നുണ്ടെങ്കില്‍ പ്രതിഷേധ സ്വരങ്ങളോടുള്ള അസഹിഷ്ണുത തന്നെയാണ് അത് സൂചിപ്പിക്കുന്നത്.

റെയ്ഡ് നടത്തിയ വിവരം പൊലീസിന്റെ മീഡിയ യൂണിറ്റും സ്ഥിരീകരിച്ചിട്ടുണ്ട്.

2012 ഏപ്രില്‍ ഒമ്പതിന് ജനത വിമുക്തി പെരമുന പാര്‍ട്ടിയിലെ വിമത അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി. ശ്രീലങ്കയിലെ സോഷ്യലിസ്റ്റ് പോരാട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം.

മൈത്രിപാല സിരിസേന, മഹീന്ദ രജപക്‌സെ, റനില്‍ വിക്രമസിംഗെ എന്നിങ്ങനെ ശ്രീലങ്കയെ കാരങ്ങളായി ഭരിച്ചുപോന്നിരുന്ന അഴിമതി ഭരണകര്‍ത്താക്കള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന പാര്‍ട്ടി കൂടിയാണ് ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി.

അതേസമയം, സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി രാജ്യത്തെ പൊതു സ്വത്തുക്കള്‍ക്ക് നശിപ്പിച്ചതിന് പിന്നില്‍ ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നാണ് ഭരണകക്ഷി നേതാക്കള്‍ ആരോപിക്കുന്നത്. മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ രാജിയിലേക്കും രാജ്യം വിടലിലേക്കും നയിച്ച, കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്ത് നടന്ന രാഷ്ട്രീയേതര പ്രതിഷേധസമരങ്ങള്‍ എഫ്.എസ്.പി ഹൈജാക്ക് ചെയ്തതായും അവര്‍ ആരോപിക്കുന്നുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഓഫീസുകളില്‍ നടത്തുന്ന റെയ്ഡിനൊപ്പം തൊഴിലാളി സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും ശ്രീലങ്കന്‍ പൊലീസ് കടന്നിട്ടുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥയും അശാന്തിയും സൃഷ്ടിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്.

തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥനും തൊഴിലാളി നേതാവുമായ ഉദേനി കാലുതന്ത്രിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി പ്രസിഡന്റിന്റെ പതാകയെ അവഹേളിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.

എന്നാല്‍ ഈ പതാക ദേശീയ പതാകയുടേത് പോലെ പ്രാധാന്യമുള്ള ഒന്നല്ല. പ്രസിഡന്‍ഷ്യല്‍ പതാക എന്ന് പറയുന്നത് ശ്രീലങ്കയിലെ ഓരോ പ്രസിഡന്റിനും വ്യക്തിഗതമായ കാര്യമാണ്. പുതിയ പ്രസിഡന്റ് വരുമ്പോള്‍ പതാക മാറും.

മാത്രമല്ല ആക്ടിങ് പ്രസിഡന്റായിരിക്കെ ജൂലൈ 15ന് റനില്‍ വിക്രമസിംഗെ രാഷ്ട്രപതി പതാക എടുത്തുകളയാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. അത്ര ‘പ്രാധാന്യം’ മാത്രമുള്ള ഒരു പതാകയെ ‘അപമാനിച്ചു’ എന്ന പേരിലാണ് ഒരു തൊഴിലാളി നേതാവിനെ രാജ്യത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊളംബോയിലെ ഡാം സ്ട്രീറ്റ് പൊലീസിന് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ഉദേനി കാലുതന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കന്‍ മാധ്യമമായ ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ സമാഗി സേവക സംഗമയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ഉദേനി കാലുതന്ത്രി.

അതേസമയം, എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രയോഗിക്കുന്ന അടിച്ചമര്‍ത്തല്‍- അക്രമരീതി അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്.

സമാധാനപരമായി നടത്തുന്ന സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും നിയമം ലംഘിക്കാത്തിടത്തോളം ഇത്തരം സമരങ്ങളെ രാജ്യത്ത് അനുവദിക്കുമെന്നും രാജ്യത്തിന്റെ സര്‍വാധിപതിയായ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞിരുന്നെങ്കിലും സൈന്യത്തിന്റെയോ പൊലീസിന്റെയോ പ്രവര്‍ത്തികളില്‍ അതി പ്രകടമായി കാണുന്നില്ല.

Content Highlight: Sri Lankan government’s attack on Opposition parties including the Communist party, Frontline Socialist Party, to suppress the anti government protests

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.