കൊളംബോ: കൊവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിച്ച സംഭവത്തിൽ മുസ്‌ലിം സമുദായത്തോട് മാപ്പപേക്ഷിച്ച് ശ്രീലങ്കൻ സർക്കാർ. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അവഗണിച്ചാണ് ശ്രീലങ്കൻ സർക്കാർ കൊവിഡ് ബാധിച്ച് മരിച്ച മുസ്‌ലിം സമുദായക്കാരെ ദഹിപ്പിച്ചത്. ഇസ്‌ലാമിക വിശ്വാസങ്ങൾ അനുസരിച്ചുള്ള ഖബറടക്കം സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. എന്നാൽ ശ്രീലങ്കൻ സർക്കാർ നിർദേശം അവഗണിക്കുകയായിരുന്നു.
സർക്കാരിന്റെ നീക്കം വലിയ വിവാദമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിഷേധിച്ചാണ് സർക്കാർ ദഹിപ്പിക്കൽ നടപടിയിലേക്ക് കടന്നത്. എന്നാൽ ഇപ്പോൾ, ഭാവിയിൽ മുസ്‌ലിം സമുദായത്തിന്റെയും മറ്റു മതവിഭാഗങ്ങളുടെയും വിശ്വാസങ്ങൾ പ്രകാരമുള്ള ശവസംസ്കാര ചടങ്ങുകൾക്ക് വിരുദ്ധമായി തങ്ങൾ പ്രവർത്തിക്കില്ലെന്ന് ശ്രീലങ്കൻ സർക്കാർ ഉറപ്പു നൽകി.
വിവാദ നടപടിയിൽ മാപ്പപേക്ഷിച്ച സർക്കാർ നീക്കത്തെ രാജ്യത്തെ മുസ്‌ലിം പ്രതിനിധികൾ സ്വാഗതം ചെയ്തു. ശ്രീലങ്കൻ സർക്കാരിന്റെ നടപടിയാൽ മുറിവേറ്റ പൗരന്മാരോട് മാപ്പ് പറയേണ്ടതുണ്ടെന്ന് ഏതാനും മന്ത്രിമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഈ നിർദേശത്തെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളെ അവഗണിച്ച ഗോതബയ രാജപക്‌സെ സർക്കാരിന്റെ നയത്തിൽ നിന്ന് ശ്രീലങ്കയിലെ മുസ്‌ലിങ്ങൾ ഇതുവരെ മുക്തരായിട്ടില്ലെന്ന് മുസ്‍ലിം കൗൺസിൽ ഓഫ് ശ്രീലങ്കയുടെ വക്താവ് ഹിൽമി അഹമദ് പ്രതികരിച്ചു. കൊവിഡിന് കീഴടങ്ങിയ 276 മുസ്‌ലിങ്ങളെ രാജപക്‌സെ സർക്കാർ ദഹിപ്പിച്ചതായാണ് റിപ്പോർട്ട്.
ഇതിനെതിരെ രാജ്യത്തെ 22 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനം വരുന്ന മുസ്‌ലിങ്ങളും അവകാശ സംരക്ഷകരും രംഗത്തെത്തുകയും പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു. 2020 ൽ സർക്കാരിനെതിരെ ഏതാനും അവകാശ സംരക്ഷകർ ശ്രീലങ്കൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.
സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രീലങ്കയിൽ സന്ദർശനം നടത്തിയിരുന്നു. ഹരജിക്കാർക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2021ൽ സർക്കാർ ഈ നയത്തിൽ മാറ്റം വരുത്തുകയുമുണ്ടായി.
Content Highlight: Sri Lankan government apologizes to Muslim community for cremation of people infected with covid