വൈദ്യുതി നിരക്ക് 264 ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍; ഒമ്പത് വര്‍ഷത്തിനിടെ ആദ്യം
World News
വൈദ്യുതി നിരക്ക് 264 ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍; ഒമ്പത് വര്‍ഷത്തിനിടെ ആദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 5:55 pm

കൊളംബോ: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍. 264 ശതമാനം നിരക്ക് വര്‍ധിപ്പിക്കാനാണ് ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നീക്കം.

ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് വൈദ്യതി നിരക്ക് വര്‍ധിപ്പിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. ബുധനാഴ്ച മുതലാണ് നിരക്ക് വര്‍ധന നിലവില്‍ വരിക.

ചെറുകിട ഉപഭോക്താക്കള്‍ക്കായിരിക്കും 264 ശതമാനം നിരക്ക് വര്‍ധന ബാധകമാവുക. വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇത്രയും നിരക്ക് വര്‍ധനവുണ്ടാകില്ല. വന്‍കിട ഉപഭോക്താക്കള്‍ക്ക് 80 ശതമാനം മാത്രമായിരിക്കും വൈദ്യുതി നിരക്ക് വര്‍ധിക്കുകയെന്നാണ് ഔദ്യോഗിക രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാജ്യത്തെ 78 ലക്ഷം വീടുകളില്‍ മൂന്നില്‍ രണ്ടും മാസത്തില്‍ 90 കിലോവാട്ട് വൈദ്യുതിയില്‍ കുറവാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്കായിരിക്കും നിരക്ക് വര്‍ധന ബാധകമാകുക.

നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സി.ഇ.ബി) വ്യക്തമാക്കി. നിലവില്‍ 616 മില്യണ്‍ ഡോളര്‍ നഷ്ടത്തിലാണ് ശ്രീലങ്കയുടെ വൈദ്യതി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

800 ശതമാനം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു ഇലക്ട്രിസിറ്റി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ റെഗുലേറ്റര്‍ അത് 264 ശതമാനത്തിലേക്ക് ചുരുക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 2.50 രൂപ ഈടാക്കുന്ന ചെറുകിട ഉപഭോക്താവിന് ഇനിമുതല്‍ 8 രൂപ നല്‍കേണ്ടി വരും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 45 രൂപ നല്‍കുന്ന വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ 75 രൂപ നല്‍കണം.

വിദേശനാണ്യ കരുതല്‍ ശേഖരത്തിലുണ്ടായ വന്‍ ഇടിവ് കാരണം ശ്രീലങ്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും അടക്കമുള്ള അവശ്യ സാധനങ്ങള്‍ രാജ്യത്ത് കുത്തനെ വില വര്‍ധിച്ചിരുന്നു.

രാജ്യത്ത് നിരന്തരം ദീര്‍ഘനേരത്തേക്ക് വൈദ്യുതി മുടങ്ങുന്ന അവസ്ഥയും ഉണ്ട്. തെര്‍മല്‍ ജനറേറ്ററിന് വേണ്ടി ഓയില്‍ വാങ്ങാന്‍ സി.ഇ.ബിക്ക് സാധിക്കാതെ വന്നതോടെയായിരുന്നു പവര്‍കട്ടുണ്ടായത്.

Content Highlight: Sri Lankan Electricity board to raise rates by 264 percent, first In nine Years