ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളും കാത്തലിക്ക് സ്‌കൂളുകളും വീണ്ടും തുറക്കുന്നു
കൊളംബൊ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നാലെ അടച്ചിട്ട കാത്തലിക്ക് സ്‌കൂളുകളും പള്ളികളിലെ പ്രാര്‍ത്ഥനകളും വീണ്ടും പുനരാരംഭിക്കും.
സുരക്ഷാ പ്രശ്‌നമില്ലെങ്കില്‍ ഞായറാഴ്ച മുതല്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചതായി കൊളംബൊ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പറഞ്ഞു. മെയ് 14 മുതല്‍ കാത്തലിക്ക് സകൂളുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 12 ബിഷപ്പുമാരും പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്‌കൂളുകളും പള്ളികളും തുറക്കാനുള്ള തീരുമാനമായത്.
ഇന്നലെ നെഗംബൊയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പ്രാര്‍ത്ഥന നടന്നിരുന്നു. ഇവിടെ നടന്ന ആക്രമണത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടിരുന്നത്. ആക്രമണത്തില്‍ തകര്‍ന്ന പള്ളിയുടെ പുറത്ത് വെച്ച് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടന്നത്.
തിങ്കളാഴ്ച മുതല്‍ ശ്രീലങ്കയിലെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ 3 പള്ളികളിലും 3 വന്‍കിട ഹോട്ടലുകളിലുമുണ്ടായ ബോംബ് ആക്രമണങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് ആക്രമണം നടത്തിയിരുന്നത്.
ചാവേര്‍ ബോംബു സ്‌ഫോടനവുമായി ബന്ധമുള്ള എല്ലാ ഭീകരരും കൊല്ലപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്തിട്ടുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.