ഐ.സി.സി ഏകദിന ലോകകപ്പില്‍ നിരാശജനകമായ പ്രകടനമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കാഴ്ചവെച്ചത്. ഒന്‍പത് മത്സരങ്ങളില്‍ നിന്നും വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലങ്കന്‍ ടീമിന് വിജയിക്കാന്‍ സാധിച്ചത്. ഏഴ് മത്സരങ്ങള്‍ ആയിരുന്നു ശ്രീലങ്ക പരാജയപെട്ടത്.
ലോകകപ്പിലെ ശ്രീലങ്കയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോള്‍ വെറും നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലങ്കന്‍ ടീം ഫിനിഷ് ചെയ്തത്.
ഇതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. ശ്രീലങ്കയുടെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ കായിക മന്ത്രി ടീമിനെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ സര്‍കാറിന്റെ വ്യാപകമായ ഇടപെടല്‍ മൂലം ഐ.സി.സി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തു.
ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ പ്രമോദയ വിക്രമസിംഗെ പ്രതികരിച്ച് രംഗത്തെത്തി. ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ ബാഹ്യമായ ഗൂഢാലോചനയുണ്ടെന്നാണ് വിക്രമസിംഗെ ആരോപിച്ചത്.
1996 ലോകകപ്പ് നേടിയ ലങ്കന്‍ ടീമിലെ അംഗമായ വിക്രമസിംഗെ ഇതിന് പിന്നില്‍ ബാഹ്യപരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നും ചീഫ് സെലെക്ടര്‍ ആവശ്യപ്പെട്ടു.
ടീമിന്റെ മോശം പ്രകടനങ്ങളെകുറിച്ച് കോച്ച് സില്‍വര്‍വുഡും പ്രതികരിച്ചു.
‘ഞങ്ങള്‍ ലോകകപ്പില്‍ നല്ല ക്രിക്കറ്റ് കളിച്ചു. ലോകകപ്പിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്. മത്സരത്തിലെ അവസരങ്ങള്‍ മുതലെടുത്തുകൊണ്ട് വിജയത്തിലെത്താന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഓരോ മത്സരങ്ങള്‍ക്കിടയിലും പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങള്‍ കുറേക്കാലമായി നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അതിനാലിത് കൃത്യമായി മാറ്റിയെടുക്കണം,’ അദ്ദേഹം പറഞ്ഞു.
1992ന് ശേഷമുള്ള ശ്രീലങ്കന്‍ ടീമിന്റെ ലോകകപ്പിന് ഏറ്റവും മോശം പ്രകടനമാണിത്. ന്യൂസിലാന്‍ഡിനെതിരെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് ശ്രീലങ്ക ലോകകപ്പിന്റെ പതിമൂന്നാം പതിപ്പില്‍ നിന്നും പുറത്തായത്.
Content Highlight: SriLankan chief selector reveals Controversies of Sreelanka cricket team.