കൊളംബോ: ശ്രീലങ്കയില്‍ സമരക്കാരെ അടിച്ചമര്‍ത്തിക്കൊണ്ട് സൈനിക നടപടി. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സൈനിക നടപടികള്‍ ആരംഭിച്ചത്.
തലസ്ഥാനമായ കൊളംബോയിലെ സര്‍ക്കാര്‍ വിരുദ്ധ സമരകേന്ദ്രങ്ങളിലാണ് സൈന്യം അക്രമം അഴിച്ചുവിട്ടത്.
പ്രക്ഷോഭകരുടെ സമരകേന്ദ്രങ്ങളില്‍ സൈന്യം റെയ്ഡും നടത്തുന്നുണ്ട്. കൊളംബോയിലെ പ്രധാന സമരകേന്ദ്രത്തിലാണ് സൈന്യവും പൊലീസും സംയുക്തമായി റെയ്ഡ് നടത്തിയത്.
പ്രസിഡന്റിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന പ്രക്ഷോഭകരെ അടിച്ചോടിച്ച സൈന്യം സമരപന്തലുകളും അടിച്ചുതകര്‍ത്തു. നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
സമരക്കാരെ സൈന്യം ക്രൂരമായി ഉപദ്രവിച്ചതായും സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. രണ്ട് മണിയോടുകൂടി സൈന്യം ഇരച്ചെത്തിയെന്നും സമരക്കാരുടെ ടെന്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും കൊളംബോയിലെ പ്രധാന സമരകേന്ദ്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
പിന്നാലെ ആയുധധാരികളായ സൈന്യവും പൊലീസും ചേര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സൈന്യത്തിന്റ ആക്രമണമുണ്ടായി.
സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മാസങ്ങളോളമായി രാജ്യത്ത് സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നുവരികയാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് റനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് സൈന്യം ജനങ്ങള്‍ക്കെതിരായ നീക്കം ആരംഭിച്ചത്. നേരത്തെ ആക്ടിങ് പ്രസിഡന്റായിരുന്നപ്പോള്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ചയായിരുന്നു പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുത്തത്. 219ല്‍ 134 വോട്ട് നേടിയാണ് വിക്രമസിംഗെ അധികാരമേറ്റത്.
റനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന ശ്രീലങ്ക പൊതുജന പെരമുണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Sri Lankan army raid country’s main protest site, assault protesters and media, arrest