| Tuesday, 10th September 2024, 7:56 am

പരമ്പര തോറ്റിട്ടും തലയുയര്‍ത്തി തന്നെ; പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലങ്കന്‍ സിംഹങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ധനഞ്ജയ ഡി സില്‍വയുടെ പടയാളികള്‍ മൂന്നാം ടെസ്റ്റ് വിജയിച്ചുകയറിയത്.

സ്‌കോര്‍

ഇംഗ്ലണ്ട്: 325 & 156

ശ്രീലങ്ക: 263 & 219/2 (T:219)

മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

പരമ്പര തോറ്റെങ്കിലും ശ്രീലങ്കയെ സംബന്ധിച്ച് ഈ വിജയം ഏറെ സ്‌പെഷ്യലാണ്. ഇംഗ്ലണ്ട് മണ്ണില്‍ ശ്രീലങ്കയുടെ നാലാമത് മാത്രം ടെസ്റ്റ് വിജയമാണിത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ശ്രീലങ്ക ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

1998ലെ പര്യടനത്തിലാണ് ശ്രീലങ്ക ആദ്യമായി ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് വിജയം രുചിക്കുന്നത്. ശേഷം 2006 വരെ അടുത്ത വിജയത്തിനായി കാത്തിരിക്കേണ്ടി വന്നു. നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തിലാണ് ലങ്ക വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിപ്പിക്കാനും ലങ്കക്ക് സാധിച്ചിരുന്നു.

വീണ്ടും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ശ്രീലങ്ക ഇംഗ്ലണ്ടില്‍ മറ്റൊരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. ഈ വിജയത്തിന് പിന്നാലെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-0ന് വിജയിക്കാനും ശ്രീലങ്കക്കായി. ഒന്നിലധികം മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരീസില്‍ അന്ന് ആദ്യമായാണ് ലങ്ക ഇംഗ്ലണ്ടില്‍ പരമ്പര വിജയം സ്വന്തമാക്കുന്നത്.

ശേഷം, ഇപ്പോഴാണ് ലങ്ക ഇംഗ്ലണ്ട് മണ്ണില്‍ മറ്റൊരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. 2014ന് ശേഷം ഇതുവരെ പത്ത് മത്സരമാണ് ലങ്ക ഇംഗ്ലണ്ടില്‍ കളിച്ചത്. ഇതില്‍ ഒമ്പതിലും പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലും അവസാനിച്ചു.

അതേസമയം, ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒലി പോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 156 പന്തില്‍ 154 റണ്‍സാണ് പോപ്പ് നേടിയത്. 79 പന്തില്‍ 86 റണ്‍സുമായി ഓപ്പണര്‍ ബെന്‍ ഡക്കറ്റ് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 325ലെത്തി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ലങ്കയെ ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ അടക്കമുള്ളവരുടെ ചെറുത്തുനില്‍പ്പ് ടീമിന് തുണയായി. ക്യാപ്റ്റന്‍ ഡി സില്‍വ 111 പന്തില്‍ 69 റണ്‍സ് നേടി പുറത്തായപ്പോള്‍ പാതും നിസങ്കയും കാമിന്ദു മെന്‍ഡിസും 64 റണ്‍സ് വീതം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.

ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സാണ് ടീം സ്വന്തമാക്കിയത്.

62 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ജോ റൂട്ട് അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം തന്നെ നിരാശപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ അര്‍ധ സെഞ്ച്വറി മാത്രമാണ് ടീമിന് ആശ്വാസമായത്.

രണ്ടാം ഇന്നിങ്‌സില്‍ ടീം വെറും 156 റണ്‍സിന് പുറത്തായി.

നാല് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ലാഹിരു കുമാരയാണ് ആതിഥേയരെ പിടിച്ചുകുലുക്കിയത്. വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടിയപ്പോള്‍ മിലന്‍ രത്‌നായകെയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

219 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ ലങ്കയെ പാതും നിസങ്ക മുന്നില്‍ നിന്നും നയിച്ചു. സെഞ്ച്വറി നേടിയാണ് നിസങ്ക തിളങ്ങിയത്.

124 പന്ത് നേരിട്ട് പുറത്താകാതെ 127 റണ്‍സാണ് നിസങ്ക ടോട്ടിലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 13 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 37 പന്തില്‍ 39 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 61 പന്തില്‍ പുറത്താകാതെ 32 റണ്‍സുമായി ഏയ്ഞ്ചലോ മാത്യൂസും നിസങ്കക്ക് പിന്തുണ നല്‍കിയതോടെ ലങ്കന്‍ സിംഹങ്ങള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ലങ്കന്‍ നിരയില്‍ നിര്‍ണായക പങ്കുവഹിച്ച പാതും നിസങ്കയാണ് കളിയിലെ താരം. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച ജോ റൂട്ടിനെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ശ്രീലങ്ക സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തും. ന്യൂസിലാന്‍ഡിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ലങ്കക്ക് ഇനി കളിക്കാനുള്ളത്.

ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന വൈറ്റ് ബോള്‍ സീരീസാണ് ഇംഗ്ലണ്ടിന് മുമ്പിലുള്ളത്. മൂന്ന് ടി-20യും അഞ്ച് ഏകദിനവുമാണ് കങ്കാരുക്കള്‍ ഇംഗ്ലണ്ടിലെത്തി കളിക്കുക.

Content highlight: Sri Lanka won their first test match in England after 2014

We use cookies to give you the best possible experience. Learn more