ഇപ്പോഴേ അഞ്ച് വിക്കറ്റ് പോയി, ഇതൊക്കെ ഇനി ആര് എടുക്കാനാണ്; അയര്‍ലന്‍ഡിനെ പഞ്ഞിക്കിട്ട് ലങ്കന്‍ സിംഹങ്ങള്‍
Sports News
ഇപ്പോഴേ അഞ്ച് വിക്കറ്റ് പോയി, ഇതൊക്കെ ഇനി ആര് എടുക്കാനാണ്; അയര്‍ലന്‍ഡിനെ പഞ്ഞിക്കിട്ട് ലങ്കന്‍ സിംഹങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th April 2023, 4:56 pm

അയര്‍ലന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മൃഗീയ ആധിപത്യവുമായി ശ്രീലങ്ക. ഗല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ലങ്ക സന്ദര്‍ശകരെ ഞെട്ടിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെക്ക് ഒട്ടും തെറ്റിയില്ല. ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ നിഷാന്‍ മധുശങ്കയെ ശ്രീലങ്കക്ക് നഷ്ടമായിരുന്നു. എന്നാല്‍ പിന്നലെയെത്തിയ കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് കരുണരത്‌നെ സ്‌കോര്‍ ഉയര്‍ത്തി. 281 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന പടുത്തുയര്‍ത്തിയത്.

സ്‌കോര്‍ 345ല്‍ നില്‍ക്കവെ 193 പന്തില്‍ നിന്നും 140 റണ്‍സ് നേടിയ മെന്‍ഡിസ് പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ഏയ്ഞ്ചലോ മാത്യൂസ് മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെ തിരിച്ചുകയറി.

മാത്യൂസിന് പിന്നാലെ ക്രീസിലെത്തിയ ദിനേഷ് ചണ്ഡിമലും എട്ടാമനായി കളത്തിലിറങ്ങിയ സധീര സമരവിക്രമയും സെഞ്ച്വറി തികച്ചതോടെ ശ്രീലങ്ക 131 ഓവറില്‍ 591ന് ആറ് എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

പടുകൂറ്റന്‍ റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഐറിഷ് പടക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ രണ്ട് മുന്‍നിര വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മുറേ കമ്മിന്‍സും നാല് പന്ത് നേരിട്ട് നാല് റണ്‍സുമായി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും തുടക്കത്തിലേ കൂടാരം കയറി.

ഓപ്പണറായ ജെയിംസ് മക്കെല്ലവും ഹാരി ടെക്ടറും ചേര്‍ന്ന് ചെറിയ തോതിലെങ്കിലും നടത്തിയ ചെറുത്ത് നില്‍പ് രണ്ടാം ദിവസത്തെ രണ്ടാം സെഷനില്‍ അയര്‍ലന്‍ഡിനെ 50 കടത്തി.

നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ അയര്‍ലന്‍ഡ് 88 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 12 ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയും ആറ് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിശ്വ ഫെര്‍ണാണ്ടോയുമാണ് ബൗളിങ്ങില്‍ ലങ്കക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.

 

Content Highlight: Sri Lanka with huge 1st innings total against Ireland