ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ ചാമ്പ്യന്‍മാരായി ശ്രീലങ്ക. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ 128 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ശ്രീലങ്ക വീണ്ടും ക്വാളിഫയര്‍ കിരീടത്തില്‍ മുത്തമിടുന്നത്.
ഞായറാഴ്ച ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 39 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. 23 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ സധീര സമരവിക്രമയെയാണ് ലങ്കക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 44 റണ്‍സില്‍ പാതും നിസങ്കയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 33 പന്തില്‍ നിന്നും 23 റണ്‍സാണ് താരം നേടിയത്.
മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും സഹന്‍ അരാച്ചിഗെയുമാണ് ഇന്നിങ്‌സിന് അടിത്തറയിട്ടത്. 44 റണ്‍സില്‍ ഒന്നിച്ച ഇവരുടെ കൂട്ടുകെട്ട് പിരിയുന്നത് 116 റണ്‍സിലാണ്. 52 പന്തില്‍ നിന്നും 43 റണ്‍സടിച്ച കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി സാഖിബ് സുല്‍ഫിക്കറാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയ ചരിത് അസലങ്കക്കൊപ്പവും അരാച്ചിഗെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒടുവില്‍ 71 പന്തില്‍ നിന്നും 57 റണ്‍സ് നേടിയാണ് താരം പുറത്തായത്. അസലങ്ക 36 പന്തില്‍ നിന്നും 36 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ നിന്നും 29 റണ്‍സുമായി വാനിന്ദു ഹസരങ്കയും തിളങ്ങി.
ഒടുവില്‍ 47.5 ഓവറില്‍ 233 റണ്‍സിന് ലങ്ക ഓള്‍ ഔട്ടായി.
ഡച്ച് പടയ്ക്കായി ലോഗന്‍ വാന്‍ ബീക്, റയാന്‍ ക്ലെയ്ന്‍, വിക്രംജിത് സിങ്, സാഖിബ് സുല്‍ഫിക്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ടീമിലെ മൂന്ന് പേരൊഴികെ മറ്റുള്ളവരെല്ലാം തന്നെ ഒറ്റയക്കത്തിന് പുറത്തായി. 63 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ മാക്‌സ് ഒ ഡൗഡാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ലങ്കന്‍ ബൗളര്‍മാര്‍ ഡച്ച് പടക്ക് മേല്‍ തീയായി പടര്‍ന്നപ്പോള്‍ അട്ടിമറിക്ക് സാധ്യതയില്ലാതെ നെതര്‍ലന്‍ഡ്‌സ് തോല്‍വി വഴങ്ങി. വിന്‍ഡീസിനെയും ഷെവ്‌റോണ്‍സിനെയും തകര്‍ത്തുവിട്ട ഓറഞ്ച് ആര്‍മിക്ക് സിംഹള വീര്യത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
23.3 ഓവറില്‍ 105 റണ്‍സിന് നെതര്‍ലന്‍ഡ്‌സ് ഓള്‍ ഔട്ടാവുകയായിരുന്നു. ലങ്കക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ദിശന്‍ മധുശങ്ക മൂന്നും ഹസരങ്ക രണ്ടും വിക്കറ്റുകള്‍ നേടി.
ലങ്കയോട് തോറ്റെങ്കിലും ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ ലോകകപ്പിന് യോഗ്യ നേടാന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു.
ക്വാളിഫയറിലെ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ലങ്ക കപ്പില്‍ മുത്തമിട്ടത്. ഇതോടെ അവസാനം കളിച്ച പത്ത് ഏകദിനത്തിലും വിജയിച്ച ശ്രീലങ്ക പുതിയ വിന്നിങ് സ്ട്രീക്കിന് തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്.
Content highlight: Sri Lanka wins ICC World Cup Qualifiers