തോല്‍വിയറിയാത്തവര്‍ ഏറ്റുമുട്ടുന്നു 🔥🔥; തീ പാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് ലോകം
icc world cup
തോല്‍വിയറിയാത്തവര്‍ ഏറ്റുമുട്ടുന്നു 🔥🔥; തീ പാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st July 2023, 9:35 am

ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറിലെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഞായറാഴ്ച നടക്കുന്ന ശ്രീലങ്ക – സിംബാബ്‌വേ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇരുടീമുകളിലൊരാളുടെ വിജയക്കുതിപ്പിന് അന്ത്യമാകുമെന്നതാണ് ഈ പോരാട്ടത്തിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ക്വാളിഫയറിന്റെ സന്നാഹ മത്സരത്തിലോ ഗ്രൂപ്പ് ഘട്ട മത്സരത്തിലോ സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സത്തിലോ ഇരു ടീമും തോല്‍വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് എയില്‍ ഒറ്റ മത്സരവും തോല്‍ക്കാതെ സിംബാബ്‌വേ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ സിക്‌സില്‍ പ്രവേശിച്ചപ്പോള്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയും അതേ നേട്ടം ആവര്‍ത്തിച്ചിരുന്നു.

ക്വാളിഫയറിന്റെ സന്നാഹ മത്സരത്തില്‍ ഒമാനെയും സ്‌കോട്‌ലാന്‍ഡിനെയും പരാജയപ്പെടുത്തിയാണ് സിംബാബ്‌വേ ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാഘോഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ആറ് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.

 

 

 

മൂന്നാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ 35 റണ്‍സിന് അട്ടിമറിച്ചപ്പോള്‍ റണ്‍ അടിസ്ഥാനത്തില്‍ ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത് വിജയം നേടിയാണ് അമേരിക്കക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം പൂര്‍ത്തിയാക്കിയത്. യു.എസ്.എക്കെതിരെ 304 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഷെവ്‌റോണ്‍സ് നേടിയത്.

 

 

കഴിഞ്ഞ ദിവസം ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ ഒമാനെയും സിംബാബ്‌വേ പരാജയപ്പെടുത്തിയിരുന്നു. സീന്‍ വില്യംസിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ആഫ്രിക്കന്‍ കരുത്തര്‍ വിജയം സ്വന്തമാക്കിയത്.

അതേസമയം ശ്രീലങ്കയാകട്ടെ സന്നാഹ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും അമേരിക്കയെയുമാണ് തോല്‍പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ യു.എ.ഇക്കെതിരെ 175 റണ്‍സിന്റെ കൂറ്റന്‍ ജയമാവര്‍ത്തിച്ച ലങ്ക അയര്‍ലന്‍ഡിനെതിരെയും ആ നേട്ടം ആവര്‍ത്തിച്ചു. 133 റണ്‍സിനാണ് ലങ്ക ഐറിഷ് ആര്‍മിയെ തകര്‍ത്തുവിട്ടത്.

 

ഒമാനെതിരെ പത്ത് വിക്കറ്റിന്റെ ലാന്‍ഡ് സ്ലൈഡ് വിജയം സ്വന്തമാക്കിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ 82 റണ്‍സിനും വിജയം സ്വന്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പര്‍ സിക്‌സില്‍ നെതര്‍ലന്‍ഡ്‌സും ശ്രീലങ്കയും ഏറ്റമുട്ടിയത്. ധനഞ്ജയ ഡി സില്‍വയുടെ കരുത്തില്‍ പടുകുഴിയില്‍ നിന്നും കരകയറിയാണ് ലങ്ക വിജയം സ്വന്തമാക്കിയത്.

തുടര്‍ച്ചയായി വിജയങ്ങള്‍ മാത്രം കൈമുതലാക്കിയ രണ്ട് ടീമുകളില്‍ ഒരാള്‍ക്ക് തോല്‍വി അനിവാര്യമായ ഘട്ടമെത്തിയിരിക്കുകയാണ്. ജയപരാജയങ്ങളേക്കാള്‍ തീ പാറുന്ന പോരാട്ടത്തിന് സാക്ഷിയാകാം എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

 

Content highlight: Sri Lanka will face Zimbabwe in ICC World Cup Qualifier