|

ഏഴ് ഓവറില്‍ ഏഴ് വിക്കറ്റ്! 120 വര്‍ഷത്തില്‍ ഇതാദ്യം; ഫൈനല്‍ കാത്തിരുന്നവര്‍ക്ക് ചരമഗീതം പാടി യാന്‍സെന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ഒട്ടും ആഗ്രഹിക്കാത്ത തുടക്കം. ആദ്യ ഇന്നിങ്‌സില്‍ വെറും 42 റണ്‍സിനാണ് പ്രോട്ടിയാസ് ശ്രീലങ്കയെ പുറത്താക്കിയത്. മാര്‍ക്കോ യാന്‍സന്റെ ബൗളിങ് കരുത്തിലാണ് സൗത്ത് ആഫ്രിക്ക എതിരാളികളെ തകര്‍ത്തെറിഞ്ഞത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി. അസിത ഫെര്‍ണാണ്ടോയും ലാഹിരു കുമാരയും പ്രഭാത് ജയസൂര്യയും ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ ആതിഥേയര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ തെംബ ബാവുമക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. 117 പന്ത് നേരിട്ട താരം 70 റണ്‍സ് നേടിയാണ് പുറത്തായത്. പത്താം നമ്പറിലിറങ്ങി 24 റണ്‍സ് സ്വന്തമാക്കിയ കേശവ് മഹാരാജാണ് പ്രോട്ടിയാസിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ശ്രീലങ്കയുടെ നിലവിലെ ഫോമില്‍ 191 എന്ന ‘ദുര്‍ബല’ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് വമ്പന്‍ ലീഡ് സ്വന്തമാക്കും എന്ന് കരുതിയവരെ നിരാശയിലേക്കെടുത്തെറിഞ്ഞാണ് മാര്‍ക്കോ യാന്‍സെന്‍ കിങ്‌സ്മീഡിവല്‍ തിളങ്ങിയത്.

വെറും 6.5 ഓവര്‍ പന്തെറിഞ്ഞ് ഏഴ് ലങ്കന്‍ വിക്കറ്റുകളാണ് യാന്‍സെന്‍ പിഴുതെറിഞ്ഞത്. പാതും നിസങ്ക, ദിനേഷ് ചണ്ഡിമല്‍, ഏയ്ഞ്ചലോ മാത്യൂസ്, ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ, പ്രഭാത് ജയസൂര്യ, വിശ്വ ഫെര്‍ണാണ്ടോ, അസിത ഫെര്‍ണാണ്ടോ എന്നിവരുടെ വിക്കറ്റുകളാണ് യാന്‍സെന്‍ സ്വന്തമാക്കിയത്.

വെറും 13 റണ്‍സ് വഴങ്ങിയാണ് യാന്‍സെന്‍ ഏഴ് വിക്കറ്റ് നേടിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്.

ഈ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെ ഒരു മികച്ച നേട്ടവും യാന്‍സനെ തേടിയെത്തിയിരിക്കുകയാണ്. ഏഴ് ഓവറിനുള്ളില്‍ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന നേട്ടമാണ് യാന്‍സെന്‍ സ്വന്തമാക്കിയത്.

1904ലെ ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരത്തില്‍ ഓസീസ് സൂപ്പര്‍ താരം ഹ്യൂ ട്രംബിളാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

യാന്‍സെന് പുറമെ ജെറാള്‍ഡ് കോട്‌സി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ശേഷിച്ച വിക്കറ്റ് കഗീസോ റബാദയും നേടി.

വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ലങ്കന്‍ ബാറ്റിങ് ഓര്‍ഡറിനെ തകര്‍ത്തെറിയാന്‍ പ്രോട്ടിയാസിന് വേണ്ടി വന്നതാകട്ടെ വെറും 13.5 ഓവര്‍ അഥവാ 83 പന്തുകളാണ്.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ 149 റണ്‍സിന്റെ ലീഡ് നേടിയ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന നിലയിലാണ് പ്രോട്ടിയാസ്. 17 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും 24 റണ്‍സുമായി തെംബ ബാവുമയുമാണ് നിലവില്‍ പ്രോട്ടിയാസിനായി ക്രീസിലുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രതീക്ഷിച്ച് മുന്നേറുന്ന ശ്രീലങ്കക്ക് ഒട്ടും ആശ്വസിക്കാനുള്ള വകയല്ല പരമ്പരയിലെ ആദ്യ ടെസ്റ്റ് നല്‍കുന്നത്.

Content highlight: Sri Lanka vs South Africa:  Marco Jansen equals 120 year old record

Latest Stories