പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനം തുടരുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാകിസ്ഥാന്‍ ശ്രീലങ്കയില്‍ കളിക്കുന്നത്.
നേരത്തെ, പാകിസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ യാസിര്‍ ഷാ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ ബോള്‍ ഓഫ് ദി സെഞ്ച്വറിക്ക് സമാനമായ രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടിയായിരുന്നു താരം ലോകത്തെ ഒന്നാകെ ഞെട്ടിച്ചത്.
ശ്രീലങ്കന്‍ സൂപ്പര്‍ താരം കുശാല്‍ മെന്‍ഡിനെ പുറത്താക്കിയായിരുന്നു ഷാ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസയൊന്നാകെ ഏറ്റുവാങ്ങിയത്.
എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ചായിരുന്നു ശ്രീലങ്കന്‍ ബൗളര്‍ പ്രഭാത് ജയസൂര്യ പകരം വീട്ടിയത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡെലിവറികളിലൊന്നായിരുന്നു അത്. പുറത്താക്കിയതാകട്ടെ പാക് നായകന്‍ ബാബര്‍ അസമിനെയും.
ഓവര്‍ ദി വിക്കറ്റില്‍ പന്തെറിഞ്ഞ ഇടംകയ്യന്‍ സ്പിന്നര്‍ ജയസൂര്യയുടെ ഡെലിവറി റഫ് ഔട്ട്‌സൈഡില്‍ പിച്ച് ചെയ്യുകയായിരുന്നു. പന്ത് പാഡ് ചെയ്യാന്‍ ചെയ്യാന്‍ നോക്കിയ ബാബറിനെ കബളിപ്പിച്ചുകൊണ്ട് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. താന്‍ ബൗള്‍ഡായത് വിശ്വസിക്കാനാവാതെ നില്‍ക്കുന്ന ബാബറായിരുന്നു രണ്ടാം ഇന്നിങ്‌സിലെ പ്രധാന കാഴ്ച.
ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സെടുത്ത ബാബര്‍ രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു പുറത്തായത്.
ശ്രീലങ്ക ഉയര്‍ത്തിയ 342 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ നാലാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 222ന് മൂന്ന് എന്ന നിലയലാണ്.
ആദ്യ ഇന്നിങ്‌സില്‍ ദിനേഷ് ചണ്ഡിമലിന്റെ അണ്‍ബീറ്റണ്‍ പെര്‍ഫോമന്‍സായിരുന്നു ലങ്കയ്ക്ക് തുണയായത്. താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ 222 റണ്‍സായിരുന്നു സ്വന്തമാക്കിയത്.
ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 218 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ലങ്കന്‍ ബാറ്റര്‍മാരെല്ലാം തന്നെ ഉണര്‍ന്നുകളിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിലെ പ്രകടനം ചണ്ഡിമല്‍ ആവര്‍ത്തിച്ചപ്പോള്‍ ഓപ്പണര്‍ ഒഷാദോ ഫെര്‍ണാണ്ടോയും നാലാമന്‍ കുശാല്‍ മെന്‍ഡിസും മികച്ച രീതിയില്‍ സ്‌കോര്‍ബാര്‍ഡിലേക്ക് സംഭാവന ചെയ്തു.
ചണ്ഡിമല്‍ 94 റണ്‍സെടുത്തപ്പോള്‍ ഫെര്‍ണാണ്ടോ 64ഉം മെന്‍ഡിസ് 76ഉം റണ്‍സെടുത്തു. വാലറ്റക്കാരും തങ്ങളാലാവും വിധം റണ്‍സെടുത്തപ്പോള്‍ ലങ്കന്‍ സ്‌കോര്‍ 337ലേക്ക് ഉയര്‍ന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അബ്ദുള്ള ഷഫീഖാണ് പാകിസ്ഥാന് വേണ്ടി കരുത്ത് കാട്ടിയത്. ഷഫീഖ് പുറത്താവാതെ 112 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ ഇമാം ഉള്‍ ഹഖ് 35 റണ്‍സെടുത്ത് പുറത്തായി.
ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെയും അസര്‍ അലിയുടെയും ബാബറിന്റെയും വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. കളിയവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ പാകിസ്ഥാന് ജയിക്കാന്‍ 90 ഓവറില്‍ 120 റണ്‍സാണ് വേണ്ടത്.
Content Highlight: Sri Lanka vs Pakistan Prabath Jayasuriya Picks The Wicket Of Pakistan Skipper Round His Legs