Sports News
കങ്കാരുപ്പടയെ തകര്‍ത്ത കൊടുങ്കാറ്റ്; ഓസീസിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കുശാല്‍ മെന്‍ഡിസ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 14, 08:50 am
Friday, 14th February 2025, 2:20 pm

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടാനാണ് ലങ്കയ്ക്ക് സാധിച്ചത്.

ലങ്കയ്ക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസാണ്. സെഞ്ച്വറി നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 115 പന്തില്‍ നിന്ന് 11 ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്.

ഏകദിനത്തില്‍ തന്റെ അഞ്ചാമത്തെ സെഞ്ച്വറിയാണ് മെന്‍ഡിസ് നേടിയത്. മാത്രമല്ല ഓസ്‌ട്രേലിയക്കെതിരെ ഒരു വ്യക്തികത നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയോട് ഏകദിനത്തില്‍ താരം നേടുന്ന ആദ്യത്തെ സെഞ്ച്വറിയാണിത്.

കുശാലിന് പുറമേ മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ്. പുറത്താകാതെ 66 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 78 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഓപ്പണര്‍ നിഷാന്‍ മധുശങ്ക ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 70 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന് കൂട്ടുനിന്ന് പുറത്താകാതെ 32 റണ്‍സ് നേടാന്‍ ജനിത് ലിയാനഗെയ്ക്കും സാധിച്ചു.

ഓസ്‌ട്രേലിയക്ക് വേണ്ടി ബെന്‍ ദ്വാര്‍ഷിസ്, ആരോണ്‍ ഹാര്‍ഡി, സീന്‍ എബ്ബോട്ട്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ലീഡ് നേടിയിരുന്നു.

ഇപ്പോള്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ശ്രീലങ്കയ്ക്ക് സാധിക്കും. അതേസമയം സമനില സ്വന്തമാക്കാനാവും ഓസ്‌ട്രേലിയയും ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍സ് ട്രോഫി മുന്നിലിരിക്കെ ലങ്ക മികച്ച പ്രകടനം കാഴ്ചവെക്കുന്നത് തുടരുമ്പോള്‍ വലിയ ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി തന്നെയാകും.

Content Highlight: Sri Lanka VS Australia ODI Match Update