അട്ടിമറിക്കുമോ? 55/5 എന്ന നിലയില്‍ നിന്നും ടീമിന് താങ്ങായ 39കാരന്റെ മായാജാലം; മുഹമ്മദ് നബിയുടെ ചിറകിലേറി അഫ്ഗാന്‍
Sports News
അട്ടിമറിക്കുമോ? 55/5 എന്ന നിലയില്‍ നിന്നും ടീമിന് താങ്ങായ 39കാരന്റെ മായാജാലം; മുഹമ്മദ് നബിയുടെ ചിറകിലേറി അഫ്ഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th February 2024, 10:20 pm

അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ക്കെതിരെ മുഹമ്മദ് നബിക്ക് സെഞ്ച്വറി. ശ്രീലങ്ക ഉയര്‍ത്തിയ 382 റണ്‍സ് പിന്തുടരവെയാണ് ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറി അഫ്ഗാനിസ്ഥാന്റെ വിശ്വസ്തന്‍ സ്വന്തമാക്കിയത്.

ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയുടെ ഇരട്ട സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റിന് 381 എന്ന നിലയിലാണ് ലങ്ക ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

382 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം തന്നെ പാളിയിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസിനെ ഒരു റണ്‍സിനും ഇബ്രാഹിം സദ്രാനെ നാല് റണ്‍സിനുമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടത്.

റഹ്‌മത് ഷായും ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും ഏഴ് റണ്‍സ് വീതം നേടിയും ഗുലാബ്ദീന്‍ നയീബ് 16 റണ്‍സിനും പുറത്തായതോടെ അഫ്ഗാന്‍ 55ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ആറാം നമ്പറില്‍ മുഹമ്മദ് നബിയാണ് ക്രീസിലെത്തിയത്. സമ്മര്‍ദഘട്ടത്തില്‍ പരിചയസമ്പന്നത കൈമുതലാക്കി ബാറ്റ് വീശിയ നബി അസ്മത്തുള്ള ഒമര്‍സായ്‌ക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളുമായി ഇരുവരും അഫ്ഗാന്‍ പ്രതീക്ഷകള്‍ കെടാതെ കാത്തു.

ഇതിനിടെ നബി സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ഏകദിന കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് നബി ശ്രീലങ്കക്കെതിരെ കുറിച്ചത്. നേരിട്ട 106ാം പന്തില്‍ ദുഷ്മന്ത ചമീരക്കെതിരെ രണ്ട് റണ്‍സ് ഓടിയെടുത്താണ് നബി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വൈകാതെ ഒമര്‍സായിയും സെഞ്ച്വറി നേടി. 89ാം പന്തിലാണ് ഒമര്‍സായ് സെഞ്ച്വറി നേടിയത്. ഇതിനൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടും പിറന്നിരുന്നു.

യുവതാരത്തിന്റെയും വെറ്ററന്‍ താരത്തിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 205 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് 263ലും തുടരുകയാണ്.

നിലവില്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ 263ന് അഞ്ച് എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. 42 പന്തില്‍ 119 റണ്‍സാണ് അഫ്ഗാന് വിജയിക്കാന്‍ ആവശ്യമുള്ളത്. 119 പന്തില്‍ 119 റണ്‍സുമായി മുഹമ്മദ് നബിയും 92 പന്തില്‍ 103 റണ്‍സുമായി ഒമര്‍സായിയുമാണ് ക്രീസില്‍ തുടരുന്നത്.

 

Content Highlight: Sri Lanka vs Afghanistan 1st ODI: Mohammad Nabi scrod century