| Monday, 16th January 2023, 5:56 pm

സ്വാതന്ത്ര്യ ദിനാഘോഷം; നെഹ്‌റുവിന്റെയുള്‍പ്പെടെ സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയടക്കമുള്ളവരുടെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറങ്ങാനൊരുങ്ങി ശ്രീലങ്ക.

സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ച വിവരം പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ഓഫീസിന്റെ മാധ്യമ വിഭാഗം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വരുന്ന 25 വര്‍ഷത്തേക്കുള്ള പരിഷ്‌കരണ പദ്ധതികള്‍ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം.

നമോ നമോ മാതാ- ഒരു നൂറ്റാണ്ടിലേക്കുള്ള ചുവട് (Namo Namo Matha – A Step towards a Century) എന്നതാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തീം. 2048ലെ 100ാം സ്വാതന്ത്ര്യ ദിനാഘോഷം വരെ സുസ്ഥിരമായ സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിനായി അടുത്ത 25 വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പുതിയ പരിഷ്‌കരണ പദ്ധതിയും പ്രഖ്യാപിക്കും.

ഫെബ്രുവരി നാലിന് രാവിലെ എട്ടര മണിയോടെയായിരിക്കും ദേശീയ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന ചടങ്ങുകള്‍ ഗാലി ഫേസ് ഗ്രീനില്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെയും പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ധനയുടെയും നേതൃത്വത്തില്‍ ആരംഭിക്കുക.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകരുകയും വിലക്കയറ്റം കാരണം ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും ചെയ്തതിനാല്‍ കുറച്ച് മാസങ്ങള്‍ ശ്രീലങ്ക കലാപ സമാനമായ അന്തരീക്ഷത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ നിന്നും മഹീന്ദ രജപക്‌സെയും ഗോതബയ രജപക്‌സെയും രാജിവെച്ച് ഒഴിയുകയായിരുന്നു.

ഇത്തരത്തിലുള്ള രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥകള്‍ക്ക് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷമാണ് ഇനി നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Content Highlight: Sri Lanka to release stamp including portrait of Jawaharlal Nehru on 75th National Independence Day

We use cookies to give you the best possible experience. Learn more