അയര്‍ലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ സിംഹളരുടെ സംഹാരതാണ്ഡവം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലാണ് ലങ്ക പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
നേരത്തെ ടോസ് നേടിയ അയര്‍ലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാരുടെ ശവപ്പറമ്പായി മാറിയ ഗല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 492 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് ഐറിഷ് പട പടുത്തുയര്‍ത്തിയത്.
പോള്‍ സ്‌റ്റെര്‍ലിങ്ങും കര്‍ട്ടിസ് കാംഫറും സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും ലോര്‍കന്‍ ടക്കറും സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.
സ്‌റ്റെര്‍ലിങ് 181 പന്തില്‍ നിന്നും 101 റണ്‍സ് നേടി പുറത്തായപ്പോള്‍ 229 പന്തില്‍ നിന്നും 111 റണ്‍സ് നേടിയാണ് കാംഫര്‍ പുറത്തായത്. 163 പന്തില്‍ നിന്നും 95 റണ്‍സടിച്ച് ബാല്‍ബിര്‍ണിയും 106 പന്തില്‍ 80 റണ്‍സ് നേടി ടക്കറും സ്‌കോര്‍ ഉയര്‍ത്തി.
ഒടുവില്‍ 146ാം ഓവറിലെ മൂന്നാം പന്തില്‍ അവസാന വിക്കറ്റും വീഴുമ്പോള്‍ 492 റണ്‍സാണ് അയര്‍ലാന്‍ഡിന്റെ സ്‌കോര്‍ബോര്‍ഡില്‍ കുറിക്കപ്പെട്ടത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയും മോശമാക്കിയില്ല. 151 ഓവറുകള്‍ക്ക് ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ രണ്ട് ഇരട്ട സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമടക്കം 704 റണ്‍സാണ് ലങ്ക സ്വന്തമാക്കിയത്.
ലങ്കക്കായി ഓപ്പണറായ നിഷാന്‍ മധുശങ്ക 205 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ ദിമുത് കരുണരത്‌നെ 115 റണ്‍സും നേടി.
കുശാല്‍ മെന്‍ഡിസാണ് ഇരട്ട സെഞ്ച്വറിയടിച്ച മറ്റൊരു താരം. 291 പന്തില്‍ നിന്നും 245 റണ്‍സാണ് താരം നേടിയത്. 114 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഏയ്ഞ്ചലോ മാത്യൂസും സ്‌കോര്‍ ഉയര്‍ത്തി.
മാത്യൂസിന്റെ സെഞ്ച്വറി കൂടിയായതോടെ ടീം സ്‌കോര്‍ മൂന്നിന് 704 എന്ന നിലയില്‍ നില്‍ക്കവെ ലങ്ക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
206 റണ്‍സിന്റെ കടവുമായി ഇറങ്ങിയ അയര്‍ലാന്‍ഡ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്.
നാലാം ദിവസമവസാനിക്കുമ്പോള്‍ 22 ഓവറില്‍ രണ്ട് വിക്കറ്റിന് 54 എന്ന നിലയിലാണ് അയര്‍ലാന്‍ഡ്. ക്യാപ്റ്റന്‍ ബാല്‍ബിര്‍ണിയും ഹാരി ടെക്ടറുമാണ് ക്രീസില്‍.
Content highlight: Sri Lanka smashes huge total against Ireland in Galle