| Monday, 12th September 2022, 12:16 pm

എഴുതി തള്ളിയവര്‍ക്ക് മുന്നില്‍ ജയിച്ചുകാണിച്ചാണ് ശീലം; 96ലെ ഓസ്ട്രേലിയയോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും ശ്രീലങ്ക ആരാണെന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഏഷ്യാ കപ്പിലെ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ട് ശ്രീലങ്ക ഒരിക്കല്‍ക്കൂടി ഏഷ്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. മൂന്നാം കിരീടം മോഹിച്ചെത്തിയ ബാബര്‍ പടയെ തറപറ്റിച്ചാണ് ദാസുന്‍ ഷണകയുടെ സംഘം തങ്ങളുടെ ആറാം കിരീടം കൈപ്പിടിയിലൊതുക്കിയത്.

കിരീടം നേടാന്‍ ഒട്ടും സാധ്യത കല്‍പിക്കാതിരുന്നിടത്ത് നിന്നുമാണ് ദി അള്‍ട്ടിമേറ്റ് വിന്നറായി ശ്രീലങ്ക ഉയര്‍ന്നു വന്നത്. ടൂര്‍ണമെന്റിന് മുമ്പ് ഒരു ശതമാനം സാധ്യത പോലും ശ്രീലങ്കക്ക് ആരും കല്‍പിച്ചു നല്‍കിയിരുന്നില്ല. എന്നാല്‍ ഇവിടെ നിന്നുമാണ് ലങ്കന്‍ പട വിജയികളായത്.

ലങ്കയെ തഴയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. പടുകുഴിയില്‍ വീണുകിടക്കുന്ന രാജ്യത്ത് നിന്നും വരുന്ന, പരാജയങ്ങളുടെ തുടര്‍ക്കഥമാത്രം പറയാനുണ്ടായിരുന്ന ഒരു ടീമിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് എല്ലാവരും എഴുതിത്തള്ളിയിരുന്നു.

ഇത്തരക്കാരുടെ ചിന്തകളെ അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു ലങ്കയുടെ തുടക്കം.

ആദ്യ മത്സരത്തില്‍ തന്നെ തോറ്റുകൊണ്ടായിരുന്നു സിംഹളര്‍ തുടങ്ങിയത്. അഫ്ഗാനിസ്ഥാനായിരുന്നു ലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അവസാനമായി എന്നുപോലും വിധിയെഴുതി.

എന്നാല്‍ അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ശ്രീലങ്ക തിരികെയെത്തി. ഇനിയൊരിക്കലും എതിരാളികളെ കളിയാക്കാന്‍ ബംഗ്ലാദേശ് നാഗനൃത്തം കളിക്കാത്ത തരത്തിലായിരുന്നു ലങ്ക ബംഗ്ലാ കടുവകളെ തോല്‍പിച്ചത്. 2018ന് പ്രതികാരമെന്നോണം നാഗനൃത്തം കളിച്ചുകൊണ്ടായിരുന്നു ലങ്ക ആ വിജയം ആഘോഷിച്ചത്.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍ക്കാതെ ലങ്ക ഫൈനലിലേക്ക് കുതിച്ചുകയറി. ആ കുതിപ്പില്‍ കാലിടറി വീണത് ആദ്യ മത്സരത്തില്‍ തങ്ങളെ തോല്‍പിച്ച അഫ്ഗാനും കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ച ഇന്ത്യയുമടക്കമുള്ള ടീമുകളായിരുന്നു.

അവസാന രണ്ട് മത്സരത്തില്‍ പാകിസ്ഥാനെ തുടര്‍ച്ചയായി പരാജയപ്പെടുത്തിയാണ് അള്‍ട്ടിമേറ്റ് അണ്ടര്‍ഡോഗായ ശ്രീലങ്ക ചാമ്പ്യന്‍മാരായത്.

എഴുതി തള്ളിയ ക്രിക്കറ്റ് വിചക്ഷണന്‍മാര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നേടിയ കിരീടം.

ഇതാദ്യമായല്ല ശ്രീലങ്ക പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. 1996ലെ ലോകകപ്പിലും ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നുമാണ് അര്‍ജുന രണതുംഗയും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.

ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും ഒരുമിച്ചായിരുന്നു 1996ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. എന്നാല്‍ ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ കൊളംബോയില്‍ നടന്ന തമിഴ് പുലികളുടെ ആക്രമണം ലോകത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. ഇതുകാരണം ലങ്കയില്‍ നടക്കുന്ന ഒറ്റ മത്സരത്തില്‍ പോലും കളിക്കില്ല എന്ന് ഓസ്‌ട്രേലിയ അടക്കമുള്ള ടീമുകള്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ലങ്കയില്‍ ക്രിക്കറ്റ് കളിക്കുന്നത് സേഫാണെന്ന് ഇന്ത്യയും പാകിസ്ഥാനും ഒറ്റ ടീമായി ലങ്കക്കെതിരെ കളിച്ചുകൊണ്ട് കാണിച്ചുകൊടുത്തെങ്കിലും ഓസീസ് കടുംപിടുത്തം തുടര്‍ന്നു.

ഒടുവില്‍ ഫൈനലില്‍ മാര്‍കോ വോ, സ്റ്റീവ് വോ, മൈക്കല്‍ ബെവന്‍, റിക്കി പോണ്ടിങ്, ഗ്ലെന്‍ മക്ഗ്രാത്ത്, ഷെയ്ന്‍ വോണ്‍ എന്നിവരടക്കമുള്ള ദി മൈറ്റി ഓസീസിന് ലങ്കയുടെ കാല്‍ക്കീഴില്‍ അടിയറവ് പറയേണ്ടി വന്നു. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ അന്ന് പിറന്നത് ചരിത്രമായിരുന്നു.

ഇതിന് സമാനമായ, എല്ലെങ്കില്‍ ഇതിനേക്കാള്‍ എത്രയോ വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയേയും ആത്മവിശ്വാസത്തില്‍ ലങ്കന്‍ ക്രിക്കറ്റ് മറികടന്നിരിക്കുകയാണ്.

വരാനിരിക്കുന്ന ടി-20 ലോകകപ്പിലും ശ്രീലങ്ക ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Sri Lanka’s victory in the Asia Cup

We use cookies to give you the best possible experience. Learn more