ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും; തകര്‍ന്നടിഞ്ഞ ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തിക്കൊണ്ടുവരും; വാഗ്ദാനങ്ങളുമായി പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ
World News
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും; തകര്‍ന്നടിഞ്ഞ ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തിക്കൊണ്ടുവരും; വാഗ്ദാനങ്ങളുമായി പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 8:14 am

കൊളംബോ: മഹീന്ദ രജപക്‌സെ രാജി വെച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രി അധികാരമേറ്റു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായ റനില്‍ വിക്രമസിംഗംയാണ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ഇത് അഞ്ചാം തവണയാണ് റനില്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുമ്പ് 1993- 1994, 2001- 2004, 2015- 2018, 2018- 2019 എന്നീ വര്‍ഷങ്ങളിലും റനില്‍ ലങ്കയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ ഓഫീസില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു റനില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

തൊട്ടുപിന്നാലെ പുതിയ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു.

”മോശപ്പെട്ട ഒരു സമയത്ത് രാജ്യത്തെ മുന്നോട്ട് നയിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിക്ക് എന്റെ എല്ലാ ആശംസകളും. ശ്രീലങ്കയെ വീണ്ടും ശക്തമാക്കാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു,” ഗോതബയ ട്വീറ്റ് ചെയ്തു.

അതേസമയം, ശ്രീലങ്കയുടെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വെല്ലുവിളി താന് ഏറ്റെടുത്ത് കഴിഞ്ഞെന്നും അത് നിറവേറ്റുമെന്നും അധികാരമേറ്റതിന് തൊട്ടുപിന്നാലെ റനില്‍ വിക്രമസിംഗെ പ്രതികരിച്ചു.

അയല്‍രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം തന്റെ ഭരണകാലത്ത് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

225 അംഗ പാര്‍ലമെന്റിലെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഒരേയൊരു എം.പി കൂടിയാണ് 73കാരനായ റനില്‍ വിക്രമസിംഗെ.

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച തന്നെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രജപക്സെ വ്യക്തമാക്കിയിരുന്നു. യുവാക്കളടങ്ങുന്ന പുതിയ കാബിനറ്റ് മന്ത്രിസഭയും ഈയാഴ്ച തന്നെ രൂപീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.

പാര്‍ലമെന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്ന തരത്തില്‍ ഭരണഘടനയുടെ 19ാം ഭേദഗതിയും ഇതിനൊപ്പം കൊണ്ടുവരുമെന്നും ഗോതബയ വ്യക്തമാക്കി.

പുതിയ കാബിനറ്റില്‍ രജപക്സെ കുടുംബത്തില്‍ നിന്നുള്ള ആരും ഭാഗമാകില്ലെന്നും ബുധനാഴ്ച രാത്രി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗോതബയ ഉറപ്പ് നല്‍കിയിരുന്നു.

തിങ്കളാഴ്ചയായിരുന്നു മഹീന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്. ഇതിന് പിന്നാലെ കുരുനേഗല നഗരത്തിലെ മഹീന്ദയുടെ വസതി പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

നിലവില്‍ ട്രിങ്കോമാലിയിലെ നേവല്‍ ബോസിലാണ് മഹീന്ദയും കുടുംബവും അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മഹീന്ദ രജപക്സെ രാജി വെച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഗോതബയ രജപക്സെയുടെ രാജിയാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ശ്രീലങ്കയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ കുറഞ്ഞത് ഒമ്പത് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 250ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Sri Lanka’s new PM Ranil Wickremesinghe vows to uplift Sri Lanka’s economy and ties with India