കൊളംബോ: ശ്രീലങ്ക ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷക്കാലമെങ്കിലും നീണ്ടുനിന്നേക്കാമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി.
രാജ്യത്തെ പൗരന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ബുധനാഴ്ച ധനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
”ജനങ്ങള്‍ സത്യം അറിയണം. ഇപ്പോഴത്തെ ഈ അവസ്ഥയുടെ ആഴം ജനങ്ങള്‍ മനസിലാക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
രണ്ട് വര്‍ഷത്തിനുള്ളില്‍ പോലും ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ ഈ പ്രശ്‌നം എത്രത്തോള കാലം നീണ്ട് നില്‍ക്കണമെന്ന് നിശ്ചയിക്കുന്നത് നമ്മള്‍ ഇന്ന് എടുക്കുന്ന തീരുമാനങ്ങളാണ്,” അലി സാബ്രി പാര്‍ലമെന്റില്‍ പറഞ്ഞു.
വിദേശനാണ്യ കരുതല്‍ ശേഖരം രാജ്യത്ത് 50 മില്യണ്‍ ഡോളറില്‍ താഴെ മാത്രമാണുള്ളതെന്നും അലി സാബ്രി കൂട്ടിച്ചേര്‍ത്തു.
കടുത്ത ഭക്ഷ്യ- ഇന്ധന- മരുന്ന്- അവശ്യ വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും നാണ്യപ്പെരുപ്പവും കാരണം ഒരു മാസത്തോളമായി ശ്രീലങ്കയിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.
ഇതേത്തുടര്‍ന്ന്, ജനങ്ങളുടെ പ്രതിഷേവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം ലങ്കയിലെ മന്ത്രിസഭ രാജിവെച്ചിരുന്നു.
17 അംഗ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയായിരുന്നു. പ്രസിഡന്റ് ഗോതബയ രജപക്സെ ആയിരുന്നു പുതിയ മന്ത്രിസഭയെ നിയമിച്ചത്.
17 അംഗ മന്ത്രിസഭയില്‍ അധിക പേരും പഴയ മന്ത്രിസഭയില്‍ തന്നെയുണ്ടായിരുന്നവരാണ്.
അതേസമയം പ്രസിഡന്റ് ഗോതബയ രജപക്‌സെയും സഹോദരനും പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്‌സെയും രാജി വെക്കാതെ അധികാരത്തില്‍ തുടരുന്നതിനാല്‍ രാജ്യത്ത് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വലിയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്.
Content Highlight: Sri Lanka’s Finance Minister Ali Sabry says, the economic crisis in the country will last atleast two more years