ശ്രീലങ്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജെ.വി.പി നേതൃത്വത്തിലുള്ള ജനങ്ങളുടെ ദേശീയ അധികാര മുന്നണി നേടിയ വിജയം ഇടതുപക്ഷ രാഷ്ടീയത്തില്‍ ഉണ്ടാക്കിയ ഉണര്‍വ് സൗത്ത് ഏഷ്യയുടെ കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് തന്നെയുള്ള ഒരു വിശകലനം കൂടിയാണ്.
ജനകീയ സമരങ്ങളിലൂടെ രൂപപ്പെടുന്ന ഒരു പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രീയ ഇടതുമുന്നണിയാണിത്. കേരളത്തിലേത് പോലുള്ള ഇടതുപക്ഷ മുന്നണി രാഷ്ട്രീയം രൂപപ്പെടാത്തതായിരുന്നു ശ്രീലങ്കയുടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് പറ്റിയ പരാജയം എന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ജെ.വി.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനകീയ മുന്നണി ശ്രീലങ്കയുടെ പല സാമ്പത്തിക രാഷ്ട്രീയ ചോദ്യങ്ങളുടെയും ഉത്തരം എന്ന നിലയിലുള്ള പ്രതീക്ഷ കൂടിയാണ്.
ശ്രീലങ്കയുടെ രാഷ്ട്രീയം ലോകത്തിലെ വിവിധ ഇടത് രാഷ്ട്രിയ ധാരകള്‍ക്ക് മുഖ്യധാരയില്‍ തന്നെ സമ്പന്നമായിരുന്ന ഒന്നാണ്. ട്രോട്‌സ്‌കിസ്റ്റ് രാഷ്ട്രീയം ലോകത്തെവിടെയും മിക്കവാറും വളരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒന്നായിരുന്നെങ്കില്‍ ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ ട്രോട്‌സ്‌കിസ്‌റ് രാഷ്ട്രീയം മുഖ്യധാരയില്‍ സ്വാധീനം ചെലുത്തിയതായിരുന്നു.
ഈ രാഷ്ട്രീയമാണ് ശ്രീലങ്കയെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിലെ ട്രോട്‌സ്‌കിസ്റ്റ് രാഷ്ട്രീയവുമായി ആദ്യകാലം മുതലേ ഉണ്ടായിരുന്ന ബന്ധം പ്രധാനമായിരുന്നു. മുബൈ ഈ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. ലങ്ക സമ സമാജ് പാര്‍ട്ടിയാണത്. 1935ല്‍ രൂപംകൊണ്ട ഈ പാര്‍ട്ടി 1943ല്‍ വിഭജിച്ച് രൂപം കൊണ്ടാണ് സിലോണ്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടി അന്തരാഷ്ട്ര തലത്തിലെ ട്രോട്‌സ്‌കി-സ്റ്റാലിന്‍ ഏറ്റുമുട്ടലിന്റെ ഭാഗമായത്.
രോഹന വിജയവീരയുടെ ഇടതുപക്ഷ രാഷ്ട്രീയം പഴയ ഇടതുപക്ഷവും പുതിയ ഇടതുപക്ഷവും തമ്മിലുള്ള വിടവ് എന്ന നിലയിലാണ് വിലയിരുത്തപ്പെട്ടു പോരുന്നത്. ക്രൂഷ്‌ചെവ്‌നെ ഒരു റിവിഷണിസ്റ്റ് ആയി വിലയിരുത്തിയ രോഹന വിജയവീര, പിന്നീട് ചൈനീസ് കമ്യൂണിസ്റ്റ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു.
അന്നത്തെ ശ്രീലങ്കന്‍ ഭരണ നേതൃത്വം മുഴുവനായിത്തന്നെ ജനത വിമുക്തി പെരുമനെയ്‌ക്കെതിരായി നിലകൊണ്ടു. രോഹന വിജയ വീരയുടെ ജീവിതം എന്നത് 1960 കളില്‍ ലോകത്തെമ്പാടും ഉയര്‍ന്നു വന്ന പുതിയ സോഷ്യലിസ്റ്റ് അന്വേഷണത്തിന്റെ ബഹുസ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
അത് പല വിധത്തില്‍ അന്നത്തെ ഇടത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അന്തര്‍ദേശീയതയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ചരിത്രത്തെയും സോഷ്യലിസത്തെയും കുറിച്ചുള്ള രോഹന വിജയ വീരയുടെ പ്രഭാഷണങ്ങളും എഴുത്തുകളും 1970 കളിലെ ബോള്‍ഷെവിക് രാഷ്ട്രീയത്തിന്റെ അവസ്ഥകള്‍ വെളിപ്പെടുത്തുന്നവയാണ്. നോര്‍ത്ത് കൊറിയ തൊട്ട് ക്യൂബ വരെ ഈ ജെ.വി.പി രാഷ്ട്രീയത്തോടു ബന്ധപ്പെട്ട് കിടക്കുന്നു.
ഇന്ന് നാലാം ഇന്റര്‍നാഷണലിന്റെ(ടോട്‌സ്‌കി ടൂ പാര്‍ട്ടികളുടെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം)ഭാഗമാണ് മുകളില്‍ സൂചിപ്പിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി. അതുപോലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍, സോവിയറ്റ് ചൈനീസ് വിഭാഗങ്ങളും സജീവമായിരുന്നു. അന്താരാഷ്ട്ര തലത്തിലെ കമ്മ്യൂണിസ്റ്റ് പിളര്‍പ്പുകള്‍ ശ്രീലങ്കയുടെ ഇടത് രാഷ്ട്രീയത്തെ തീക്ഷ്ണമായി സ്വാധീനിച്ചതാണ്.
ഇത്തരം പാര്‍ട്ടികള്‍ക്ക് സ്വാധീനം നഷപ്പെട്ട അവസ്ഥയാണ് ഇന്നുള്ള ശ്രീലങ്കയുടെ രാഷ്ട്രീയം. ജനത വിമുക്തി പെരുമനയുടെ രാഷ്ട്രീയം വ്യത്യസ്തമാക്കുന്നത് അവരുടെ രൂപീകരണം രോഹന വിജയവീരയുടെ നേതൃത്വത്തോടെ ലോക ശ്രദ്ധ നേടിയതാണ്. കമ്യൂണിസ്റ്റ് പാരമ്പര്യത്തില്‍ നിന്ന് വരികയും, രാഷ്ട്രീയ നിലപാടിനാല്‍ സോവിയറ്റ് യൂണിയനിലെ പാട്രിക് ലൂമുബ സര്‍വകലാശാലയില്‍ തുടങ്ങിയ പഠനം നിര്‍ത്തുകയും ചെയ്യേണ്ടി വന്ന രോഹന വിജയവീര നടത്തിയ അഞ്ച് പഠന ക്ലാസുകളായിരുന്നു ജനത വിമുക്തി പെരുമനയുടെയുടെ രാഷ്ട്രീയ അടിസ്ഥാനം.
1964ല്‍ ഉണ്ടായ സര്‍ക്കാര്‍ പങ്കാളിത്തം, ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഐക്യമുന്നണി എന്നിവ ശ്രീലങ്കയിലെ ട്രോട്‌സ്‌കിസ്റ്റ് ഇടതുപക്ഷത്തിന്റെ വലിയ വഴിത്തിരിവായി. ഇതോടു കൂടിയാണ് ലങ്ക സമസമാജ് പാര്‍ട്ടിയെ നാലാം ഇന്റര്‍നാഷണലില്‍ നിന്ന് പുറത്താക്കുന്നത്. 1964 ഇന്ത്യയിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമായ വഴിത്തിരിവായി.
ദേശീയ പ്രശ്‌നം ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നമായി മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീലങ്ക. ഇന്ന് ജനത വിമുക്തി പെരുമനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ലയണല്‍ ബോപാഗേ എഴുതുന്നത് ജനതാ വിമുക്തി പെരുമന പിന്നിട്ട ചരിത്രമാണ്. അവരുടെ അനുഭവങ്ങളാണ്.
ദേശീയതയും ദേശരാഷ്ട്രവും ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രത്തിന്റ സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രശ്‌നമാണ്. ദേശീയതയും അതിന്റെ സവിശേഷ സ്വഭാവങ്ങളും ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നമായി കടന്നു പോകുന്ന കാലം കൂടിയാണിത്.
അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ഈ ട്രോസ്‌കിസ്റ്റ് രാഷ്ട്രീയം ഇന്നും ശ്രീലങ്കയില്‍ കാണാം. ഉദാഹരണത്തിന് കത്രിക ചിഹ്നവുമായി ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സോഷ്യലിസ്റ്റ് ഇക്വാലിറ്റി പാര്‍ട്ടി. ജനത പെരുമന മുക്തി രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകരാണ് ഈ ട്രോട്‌സ്‌കിസ്റ്റ് പാര്‍ട്ടി. ട്രോട്‌സ്‌കിസ്റ്റു രാഷ്ട്രീയത്തിന്റെ ആഗോള തലത്തില്‍ തന്നെയുള്ള ഒരു മുഖ്യധാര രാഷ്ടീയ വിജയത്തിന്റെ അടയാളമായിട്ടായിരുന്നു ശ്രീലങ്ക അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്നത്.
1970കളുടെ ആദ്യവും 1980കളുടെ അവസാനവും ജനത വിമുക്തി പെരുമന നടത്തിയ സൈനിക പോരാട്ടങ്ങള്‍, ഇതിനൊടുവില്‍ രോഹന വിജയവീരയുടെ കൊലപാതകം എന്നിവക്ക് ശേഷം ജെ.വി.പി രാഷ്ട്രീയം ഇന്ന് അതിന്റെ പുതിയ ഒരു ഘട്ടത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്.
ഒരു പുത്തന്‍ ഇടത് രാഷ്ട്രീയം ആണ് ശ്രീലങ്കയിലെ ഇന്നത്തെ മുന്നണി. 1960കളില്‍ ഉണ്ടായ സര്‍ക്കാരിലെ പങ്കാളിത്തം എന്ന വിഷയം ഇന്ന് അപ്രത്യക്ഷമായി. സമൂഹത്തിന്റ പങ്ക് തിരിച്ചറിഞ്ഞ് വഹിക്കുന്ന നവ രാഷ്ട്രീയമാണ് ശ്രീലങ്കയിലേത്. അധികാരത്തെ എങ്ങിനെ ജനങ്ങള്‍ക്ക് ഉപകരപ്രദമാക്കാം എന്ന അന്വേഷണമാണ് ശ്രീലങ്കയിലേത്. അതുപോലെ അഴിമതിക്കെതിരെ യോജിക്കുന്നവരെല്ലാം അടങ്ങുന്ന ജനകീയ മുന്നണിയാണിത്.
ഇത്, ഇന്ന് ലോകത്തെവിടെയും കാണുന്ന വര്‍ഗ്ഗത്തിനെതിരെയുളള ഒരു പ്രതിഷേധം കൂടിയാണ്. രാഷ്ടീയ പാരമ്പര്യത്തില്‍ നിന്ന് ജനജീവിതത്തെ മുരടിപ്പിച്ച രാഷ്ട്രീയ വരേണ്യ വര്‍ഗ്ഗത്തിത്തിനെ ചോദ്യം ചെയ്യുന്ന സംവിധാനം കൂടിയാണിത്. ഇതിന്റെ കൂടിയോ കുറഞ്ഞോ ആയ രാഷ്ട്രീയമാണ് സിറസയും (ഗ്രീസ്) പെഡോമോ (സ്‌പെയിന്‍) ഒക്കെ പ്രതിനിധാനം ചെയ്തിരുന്നത്.
ഈ പ്രതിഷേധത്തില്‍ നിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ മുന്നേറ്റത്തിന് അനുസരിച്ചുള്ള ഭരണം സാധ്യമാക്കുക എന്നതാണ് അനുര കുമാര ദിസനായകെക്കുള്ള വെല്ലുവിളി. ഐ.എം.എഫുമായുള്ള ഇടപെടല്‍ തൊട്ട് എന്ത് വികസനപ്രവര്‍ത്തനങ്ങള്‍ എന്നു വരെ വരുന്നു ഇവിടെ. ഇന്ത്യയും ചൈനയുമായുള്ള ബന്ധം പ്രധാനമാകുന്നു. അന്താരാഷ്ട്ര നാണയ നിധിയും നിര്‍ണ്ണായകമാകുന്നു ഇവിടെ. അത് പോലുള്ള മറ്റു അന്താരാഷ്ട്ര സ്ഥാപനങ്ങളും. പൂര്‍ണ്ണമായും സാമ്പത്തിക രാഷ്ട്രീയ ഉടച്ചുവാര്‍ക്കല്‍ വേണ്ടി വരുന്ന പ്രക്രിയ ആണിത്.
അടുത്തകാലത്ത് ചിലിയിലെ ഗബ്രിയേല്‍ ബോറിക് നേടിയ വിജയത്തിന്റ പ്രതിഫലനമായിട്ടാണ് ശ്രീലങ്കയിലെ അനുര കുമാര ദിസനായകെയുടേത്. ഇടതുപക്ഷത്തിന്റെ വര്‍ത്തമാന രൂപങ്ങളില്‍ കാണുന്ന പുതിയ ഭരണ സങ്കല്‍പമാണിത്. ജനപ്രതിനിധികള്‍ ആയാല്‍ കാണിക്കേണ്ട സൂക്ഷ്മത പണം ചിലവഴിക്കുന്നതില്‍ ജനത വിമുക്തി പെരുമന ഊന്നിപ്പറയുന്നുണ്ട്. മുന്‍കാല പ്രവര്‍ത്തനങ്ങളെ, അവയിലെ അമിത അധികാര പ്രവണതകളെ തള്ളിപ്പറയുവാന്‍ ശ്രമിക്കുന്നു വര്‍ത്തമാന ജനത വിമുക്തി പെരുമന. ഇതിന്റെ വിജയങ്ങളിലാണ് ജെ.വി.പിയുടെ ഭാവി തന്നെ.
ജെ.വി.പിയുടെ നവരാഷ്ട്രീയപാത എന്നത് ഇത്തരം അന്തര്‍ദേശീയവും ദേശീയവുമായ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊക്കൊള്ളുന്നതാണ്. അത് സോഷ്യലിസ്റ്റ് രാഷ്ട്രീയം പുതിയകാലത്ത് മുന്നോട്ട് വെയ്‌ക്കേണ്ടിവരുന്ന ഉട്ടോപ്യയെ കുറിച്ചുള്ള ഭാവനയെ പ്രശ്നവല്‍ക്കരിക്കുന്നതാണ്.
കഴിഞ്ഞ നൂറ്റാണ്ടിലെ പാര്‍ട്ടി മാതൃകകള്‍, അതിന്റെ ഭരണ മാതൃകകള്‍ ഒക്കെ ചോദ്യം ചെയ്യപ്പെട്ടതാണ്. അടുത്ത കാലത്ത് അന്തരിച്ച മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഫ്രെഡറിക് ജെയിംസണ്‍ ഉന്നയിക്കുന്ന ഒരു കാര്യം എന്തുകൊണ്ട് സോഷ്യലിസ്റ്റുകള്‍ക്ക് ഉടോപ്യ ആവശ്യമാകുന്നു എന്നതാണ്. ഏറ്റവും പ്രസക്തമായ കാര്യമാണത്. ആഗോള ഇടത് രാഷ്ടീയത്തിനൊപ്പം ജെ.വി.പിയും ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്.
സിംഹള തമിഴ് രാഷ്ട്രീയം, ആധുനിക ആഗോള ദേശീയ രാഷ്ട്രീയത്തിലെ സംഘര്‍ഷഭരിതമായ ഒരു ചരിത്ര സംഭവം എന്ന നിലയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. അത് പോലെ തന്നെ ആണ് മുസ്‌ലിം ന്യൂനപക്ഷ പ്രശ്‌നവും. ഒരു പോസ്‌റ് കൊളോണിയല്‍ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയും അതിലെ ഭൂരിപക്ഷ ന്യൂനപക്ഷ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ജനാധിപത്യപരമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ആണ്.
ഇന്ന്, ഓരോ രാഷ്ട്രവും രാഷ്ട്രത്തെ സംബന്ധിച്ച് പുത്തന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുയാണ്. ഈ ചോദ്യങ്ങളോടൊപ്പം ഇടത് രാഷ്ട്രീയം ഒരു ഇടത് യാഥാസ്ഥികതയിലേക്ക് നീങ്ങുന്ന ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യവും അതിന്റെ വിജയവുമുണ്ട്. ഇതിനുള്ള ഉദാഹരണമാണ് വികസിത ജര്‍മ്മനിയിലെ ബി.എസ്. ഡബ്ല്യുവിന്റെ ഇടത് യാഥാസ്ഥിതിക രാഷ്ട്രീയം.
content highlights: Sri Lanka’s election victory and Janata Vimukti Perumana