| Friday, 18th October 2024, 11:26 am

ലോകം കീഴടക്കാന്‍ സനത് ജയസൂര്യ; അവസാന രക്തം കരിബീയന്‍സിന്റേത്, സിംഹഗര്‍ജനത്തിന് അവസാനമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

സനത് ജയസൂര്യ യുഗത്തില്‍ ശ്രീലങ്ക വീണ്ടും കുതിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയും സ്വന്തമാക്കിയാണ് ലങ്ക പഴയ പ്രതാപത്തിലേക്ക് മടങ്ങാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ലങ്ക പരമ്പര സ്വന്തമാക്കിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിന്‍ഡീസ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ തിരിച്ചടിച്ച് ലങ്ക പരമ്പരയില്‍ ഒപ്പമെത്തി.

സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. റോവ്മന്‍ പവല്‍ (27 പന്തില്‍ 37), ഗുഡാകേഷ് മോട്ടി (15 പന്തില്‍ 32), ബ്രാന്‍ഡന്‍ കിങ് (19 പന്തില്‍ 23) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക കുശാല്‍ മെന്‍ഡിസിന്റെയും കുശാല്‍ പെരേരയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 12 പന്ത് ബാക്കി നില്‍ക്കെ വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മെന്‍ഡിസ് 50 പന്തില്‍ പുറത്താകാതെ 68 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് പെരേര സ്വന്തമാക്കിയത്.

ഇതിഹാസ താരം സനത് ജയസൂര്യ ലങ്കയുടെ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷമുള്ള മൂന്നാം പരമ്പര ജയമാണിത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയോട് ഏകദിന പരമ്പര വിജയിച്ച ലങ്ക, ഏറെ കാലത്തിന് ശേഷം ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് മത്സരവും വിജയിച്ചു.

ശേഷം ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ലങ്ക വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന പരമ്പരയിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ശ്രീലങ്ക കുതിക്കുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇനി ശ്രീലങ്ക ലക്ഷ്യമിടുന്നത്. ഇതിനാകട്ടെ രണ്ട് പരമ്പരകളാണ് ലങ്കക്ക് മുമ്പിലുള്ളത്.

നംവബര്‍ 27ന് ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ശ്രീലങ്ക കളിക്കുക. കിങ്‌സ്മീഡിലും സെന്റ് ജോര്‍ജ്‌സ് ഓവലിലുമായി നടക്കുന്ന പരമ്പരയില്‍ വിജയം സ്വന്തമാക്കിയാല്‍ ഫൈനലിലേക്ക് ഒരടി കൂടി വെക്കാന്‍ ശ്രീലങ്കക്ക് സാധിക്കും.

ശേഷം വോണ്‍-മുരളീധരന്‍ ട്രോഫിക്കായി ഓസ്‌ട്രേലിയ ലങ്കയില്‍ പര്യടനം നടത്തും. ഒരുപക്ഷേ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരമായും ഈ പരമ്പര മാറിയേക്കും.

Content Highlight: Sri Lanka’s brilliant run under Sanath Jayasuriya

We use cookies to give you the best possible experience. Learn more