ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം ശ്രീലങ്കയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ഒരിക്കലും ഒരു നല്ല കാരണത്താലല്ല, മറിച്ച് ലങ്കന്‍ സിംഹങ്ങള്‍ക്ക് വഴങ്ങേണ്ടി വന്ന ഒരു മോശം റെക്കോഡിന്റെ പേരിലാണ് ഈ നേട്ടം അടയാളപ്പെടുത്തപ്പെട്ടത്.
ആദ്യ ഇന്നിങ്‌സില്‍ വെറും 42 റണ്‍സിന് ഓള്‍ ഔട്ടായതിന് പിന്നാലെയാണ് ശ്രീലങ്കയെ തേടി ഈ മേശം റെക്കോഡ് വന്നുചേര്‍ന്നത്. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇന്നിങ്‌സ് ടോട്ടല്‍ എന്ന അനാവശ്യ നേട്ടമാണ് ലങ്കയെ തേടിയെത്തിയത്.
🔄 | Change of Innings
The Proteas demolish the Sri Lankan batting line-up🔥🏏🇿🇦
ആതിഥേയര്‍ ഉയര്‍ത്തിയ 191 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴച്ചു. മാര്‍ക്കോ യാന്‍സെന്‍ എന്ന സൂപ്പര്‍ താരത്തിന്റെ പന്തുകള്‍ക്ക് ധനഞ്ജയ ഡി സില്‍വക്കും കൂട്ടര്‍ക്കും ഉത്തരമില്ലാതെ പോയി.
2012ലെ ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് ഏകദിനത്തിലെ മോശം ടോട്ടല്‍ ലങ്കയുടെ പേരില്‍ കുറിക്കപ്പെട്ടത്. പാളില്‍ വെച്ച് നടന്ന മത്സരത്തില്‍ വെറും 43 റണ്‍സിനാണ് ശ്രീലങ്ക പുറത്തായത്.
ഹാഷിം അംലയുടെ സെഞ്ച്വറിയുടെയും ജാക് കാല്ലിസ്, ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലും പടുത്തുയര്‍ത്തിയ 302 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയെ മോണി മോര്‍ക്കല്‍ 43ന് എറിഞ്ഞടുകയായിരുന്നു.
കേവലം പത്ത് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കളിയിലെ താരവും മോര്‍ക്കല്‍ തന്നെയായിരുന്നു.
ഈ വര്‍ഷമാണ് ടി-20യില്‍ ശ്രീലങ്കയുടെ ഏറ്റവും മോശം ടോട്ടല്‍ പിറന്നത്. ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 77 റണ്‍സിനാണ് പ്രോട്ടിയാസ് ലങ്കയെ എറിഞ്ഞിട്ടത്.
ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ലങ്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ആന്‌റിക് നോര്‍ക്യയുടെ മികച്ച ബൗളിങ് പ്രകടനത്തില്‍ ലങ്കന്‍ നിര തകര്‍ന്നടിഞ്ഞു.
നോര്‍ക്യ ഏഴ് റണ്‍സിന് നാല് വിക്കറ്റ് നേടിയപ്പോള്‍ കഗീസോ റബാദയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. നുവാന്‍ തുഷാര റണ്‍ ഔട്ടായപ്പോള്‍ ഒട്‌നീല്‍ ബാര്‍ട്മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 16.2 ഓവറില്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Content Highlight: Sri Lanka recorded the worst score against South Africa in all three formats of cricket.