സയ്യീദ് അജ്മലിന്റെ ബൗളിങ്ങ് ആക്ഷനെതിരെ ശ്രീലങ്ക
DSport
സയ്യീദ് അജ്മലിന്റെ ബൗളിങ്ങ് ആക്ഷനെതിരെ ശ്രീലങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2012, 11:10 am

കൊളംബോ: പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയ്യീദ് അജ്മലിന്റെ ബൗളിങ്ങ് ആക്ഷനെതിരെ ശ്രീലങ്കന്‍ താരങ്ങള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഗെയിലില്‍ വെച്ച് നടന്ന പാക്കിസ്ഥാന്‍ ശ്രീലങ്ക ടെസ്റ്റ് മാച്ചിനു ശേഷമാണ് ശ്രീലങ്കന്‍ താരങ്ങള്‍  ഈ ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയത്.

മുന്‍ ശ്രീലങ്കന്‍ താരമാണ് ആദ്യം സയ്യീദിന്റെ ബൗളിങ്ങ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ബൗള്‍ ചെയ്യുമ്പോള്‍ സയ്യീദ് കൈമുട്ട് അനുവദിനീയമായതിലുമധികം മടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇതുവരെ ഇതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ആരോപണത്തിന് മറ്റൊരു കാരണം കൂടി അവര്‍ പറയുന്നുണ്ട്. ടെസ്റ്റ് മാച്ച് നടക്കുന്ന സമയത്തും പ്രാക്ടീസ് ചെയ്യുന്ന സമയത്തും സയ്യീദ് ഫുള്‍ കൈ ഷര്‍ട്ടാണ് ധരിക്കുന്നത്. എന്നാല്‍ ബാറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹം ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിക്കുന്നുണ്ട്. ഇതാണ് സംശയം ബലപ്പെടാനുള്ള ഒരു കാരണം.

ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിക്കുന്നതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തെറ്റായ ബൗളിങ്ങ് ആക്ഷന്‍ ആരും കാണാതെ പോകുന്നുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ യു.എ.ഇ യില്‍ വെച്ചുനടന്ന മത്സരത്തിലും ഇതേ ആരോപണം സയ്യിദിനെതിരെ ശ്രീലങ്കന്‍ താരങ്ങള്‍ ഉന്നയിച്ചിരുന്നു.

ബൗളിങ്ങ് സമയത്ത് 15 ഡിഗ്രി വരെ മാത്രമേ കൈമടങ്ങാന്‍ പാടുള്ളു. എന്നാല്‍ സയ്യീദ് ഈ മാനദണ്ഡം പാലിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് നിരീക്ഷകന്‍ സാദി തവീക്കും പറഞ്ഞു.