ടി20 വേള്‍ഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നമീബിയയോട് തോറ്റ് പിന്‍വാങ്ങിയെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ നെതര്‍ലെന്‍ഡ്‌സിനെ തറപറ്റിച്ച് സൂപ്പര്‍ 12 ഉറപ്പാക്കിയിരിക്കുകയാണ് ശ്രീലങ്ക.
നെതര്‍ലെന്‍ഡ് പടയെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് നമീബിയയോടേറ്റ തോല്‍വിയുടെ പരിക്ക് മായ്ച്ച് സിംഹള പട സൂപ്പര്‍ 12ലേക്കുള്ള തങ്ങളുടെ വരവറിയിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ നേടിയത് ആവറേജ് സ്‌കോറായ 162 റണ്‍സാണ്. അനായാസേന മറികടക്കാവുന്ന സ്‌കോറെന്ന് പ്രതീക്ഷിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലെന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന സ്‌കോറിലേക്ക് എത്താനെ സാധിച്ചുള്ളൂ.
ഓപ്പണര്‍ മാക്‌സ് ഒദോദ് തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി നെതര്‍ലെന്‍ഡ്‌സിന് വേണ്ടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 53 പന്തുകള്‍ നേരിട്ട ഒദോദ്, ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 71 റണ്‍സുമായി പുറത്താകാതെ നിന്നു.
ഒദോദിന് പുറമെ നെതര്‍ലെന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കണ്ടത് ബാസ് ഡി ലീഡ് (10 പന്തില്‍ 14), ടോം കൂപ്പര്‍ (19 പന്തില്‍ 16), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (15 പന്തില്‍ 21) എന്നിവര്‍ മാത്രമാണ്.
നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുടെ നേതൃത്വത്തിലാണ് ഡച്ച് പടയെ നിശ്ചിത സ്‌കോറില്‍ ഒതുക്കാന്‍ ശ്രീലങ്കക്കായത്. മഹീഷ് തീക്ഷണ രണ്ടും, ബിനൂര ഫെര്‍ണാണ്ടോ, ലാഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നെതര്‍ലെന്‍ഡ് നിരയില്‍ നിന്ന് പിഴുതെടുത്തു.
തകര്‍പ്പന്‍ അര്‍ധ സെഞ്ചറിയുമായി പടനയിച്ച കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കാന്‍ കാരണമായത്. മെന്‍ഡിസ് 44 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 79 റണ്‍സാണ് അടിച്ചെടുത്തത്.
അസലങ്ക (30 പന്തില്‍ 31), ഭാനുക രജപക്‌സ (13 പന്തില്‍ 19), ഓപ്പണര്‍ പാത്തും നിസങ്ക (21 പന്തില്‍ 14) എന്നിവരും ശ്രീലങ്കക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നെതര്‍ലെന്‍ഡ്‌സിനായി വാന്‍ മീകരന്‍, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക യു.എ.ഇയെ 79 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.