കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, സര്‍ക്കാരിന്റ നടപടിയെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനും മന്ത്രിയുമായ നമല്‍ രജപക്‌സെ.
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനത്തെയാണ് ട്വീറ്റിലൂടെ നമല്‍ വിമര്‍ശിച്ചത്.
വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടി എന്ന പേരിലായിരുന്നു സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിട്ടത്
”സോഷ്യല്‍ മീഡിയ ബ്ലോക്ക് ചെയ്ത നടപടി ഞാന്‍ ഒരിക്കലും പൊറുക്കില്ല. ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പോലെ, വി.പി.എന്നിന്റെ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) അവയ്‌ലബിലിറ്റി ഇത്തരം നിരോധനങ്ങളെ പൂര്‍ണമായും ഉപയോഗശൂന്യമാക്കുന്നു.
ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കണമെന്നും ഈ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” നമല്‍ രജപക്‌സെ ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാരിനെതിരെയുള്ള, പ്രത്യേകിച്ചും പ്രസിഡന്റ് ഗോതബയ രജപക്‌സെക്കെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റ് ഗൊട്ടബയ രജപക്സെ ആയിരുന്നു പ്രഖ്യാപനം നടത്തിയത്.
ഇതിന് പിന്നാലെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളെല്ലാം രാജ്യത്ത് നിരോധിച്ചുകൊണ്ട് ഞായറാഴ്ച ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍ നമല്‍ രജപക്‌സെയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30ഓടെ സമൂഹമാധ്യമങ്ങള്‍ക്ക് മേലുള്ള വിലക്ക് നീക്കുമെന്ന് പറഞ്ഞുകൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിയാണ് നമല്‍ രജപക്‌സെ.
Content Highlight: Sri Lanka PM Mahinda Rajapaksa’s minister son say Social Media ban is completely useless