ഭീകരാക്രമണം: തീവ്രവസലഫി സംഘടനകളുടെ വളര്‍ച്ചയെ കുറിച്ച് ശ്രീലങ്കന്‍ മുസ്‌ലിംങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്
World News
ഭീകരാക്രമണം: തീവ്രവസലഫി സംഘടനകളുടെ വളര്‍ച്ചയെ കുറിച്ച് ശ്രീലങ്കന്‍ മുസ്‌ലിംങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2019, 1:26 pm

കൊളംബൊ: രാജ്യത്ത് വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന നാഷണല്‍ തൗഹീദ് ജമാഅത്തിനെയും ശ്രീലങ്കാ തൗഹീദ് ജമാഅത്തിനെയും പോലുള്ള തീവ്ര സലഫി സംഘടനകളെ കുറിച്ച് സര്‍ക്കാരിന് ശ്രീലങ്കന്‍ മുസ്‌ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.

എന്‍.ടി.ജെ (ശ്രീലങ്കന്‍ തൗഹീദ് ജമാഅത്ത്) യുടെ വളര്‍ച്ചയെ കുറിച്ച് മൂന്നു വര്‍ഷം മുമ്പ് മിലിറ്ററി ഇന്റലിജന്‍സിനെ അറിയിച്ചിരുന്നുവെന്ന് മുസ്‌ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ഉപാധ്യക്ഷന്‍ ഹില്‍മി അഹമ്മദ് പറഞ്ഞു.

‘മുസ്‌ലിമിതര സമുദായങ്ങളെ ലക്ഷ്യം വെക്കുന്ന കൂട്ടരാണിവര്‍. മതത്തിന്റെ പേരില്‍ മറ്റുള്ളവരെ കൊല്ലണമെന്നാണ് അവര്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് സംഘടനയെ കുറിച്ചും ഈ ആളുകളുടെ പേര് വിവരങ്ങളുമായി അധികൃതരെ സമീപിച്ചിരുന്നു. പക്ഷെ അവരതിന്റെ മുകളില്‍ അടയിരിക്കുകയാണ് ചെയ്തത്.’ ഹില്‍മി അഹ്മദ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

ശ്രീലങ്കയിലെ തൗഹീദ് ജമാഅത്ത് ഗ്രൂപ്പുകളില്‍ ഏറ്റവും തീവ്രതയുള്ളത് എന്‍.ടി.ജെയാണ്. 2018ല്‍ ശ്രീലങ്കയിലെ കെഗല്ലെ ജില്ലയില്‍ ബുദ്ധപ്രതിമകള്‍ ആക്രമിച്ചതിലൂടെയാണ് എന്‍.ടി.ജെയെ കുറിച്ച് വാര്‍ത്തകള്‍ പുറത്തു വരുന്നത്. എന്നാല്‍ ശ്രീലങ്കയിലെ തന്നെ മറ്റൊരു തീവ്ര സലഫി ഗ്രൂപ്പായ ശ്രീലങ്കാ തൗഹീദ് ജമാഅത്തിന്റെ (എസ്.എല്‍.ടി.ജെ)യുടെ പിന്മുറക്കാരാണ് എന്‍.ടി.ജെയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

എന്‍.ടി.ജെയെ എസ്.എല്‍.ടി.ജെ തള്ളിപ്പറയുന്നുണ്ടെങ്കിലും ഈ സംഘടനയും തീവ്ര സലഫീ ആശയധാരയുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്നാണ് ഇവയുടെ ചരിത്രം വ്യക്തമാക്കുന്നത്. എസ്.എല്‍.ടി.ജെയ്ക്ക് തീവ്രത പോരെന്ന ആരോപണമാണ് എന്‍.ടി.ജെ ഉന്നയിക്കുന്നത്. വിദ്വേഷ പ്രചരണം നടത്തിയതിന് എസ്.എല്‍.ടി.ജെ സെക്രട്ടറി അബ്ദുല്‍ റാസിഖിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

എസ്.എല്‍.ടി.ജെയ്ക്ക് തീവ്രവാദ പ്രവണതയുണ്ടെന്നാണ് മറ്റൊരു സലഫീ ഗ്രൂപ്പായ സിലോണ്‍ തൗഹീദ് ജമാഅത്ത് ആരോപിക്കുന്നത്.

‘നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ നേതാവെന്ന് കരുതപ്പെടുന്ന സഹാറന്‍ എന്നയാളുമായി എസ്.എല്‍.ടി.ജെയിലെ നേതാക്കള്‍ക്ക് ബന്ധമുണ്ട്. അദ്ദേഹം കിഴക്കന്‍ പ്രവിശ്യയായ ബാറ്റിക്കലോവ കേന്ദ്രീകരിച്ച് സമൂഹിക മാധ്യമങ്ങളില്‍ വന്‍ ഇടപെടല്‍ നടത്തിയിരുന്നു. ഐ.എസ് ആശയങ്ങളെ പിന്തുണയ്ക്കുന്ന നിരവധി പോസ്റ്റുകള്‍ അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ഇക്കാര്യം നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ‘ എസ്.എല്‍.ടി.ജെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി റാസ്മിന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

 

മതപരവും സംഘടനപരവുമയുള്ള അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ടാണ് സിലോണ്‍ ജമാഅത്തെന്ന പുതിയ സംഘടന രൂപീകരിച്ചതെന്നും റാസ്മിന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംശയിക്കപ്പെട്ട സംഘടനയാണ് തമിഴ്‌നാട് തൗഹീദ് ജമാഅത്ത്. എന്നാല്‍ പേരില്‍ തൗഹീദ് ഉണ്ടെന്ന് വെച്ച് ഇരു സംഘടനകളും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ബാലിശമാണെന്ന് സംഘടനയുടെ വക്താവ് അബ്ദുറഹ്മാന്‍ പ്രതികരിച്ചിരുന്നു.

അതേസമയം എസ്. രാജരത്‌നം സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് 2015ല്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം എസ്.എല്‍.ടി.ജെ തമിഴ്‌നാട് തൗഹീദ് ജമാഅത്തില്‍ നിന്ന് സ്വാധീനമുള്‍ക്കൊള്ളുന്ന സംഘടനയാണെന്ന് പറയുന്നുണ്ട്. 2015ല്‍ ടി.എന്‍.ടി.ജെയുടെ നേതാവ് പി. സൈനുല്‍ അബിദീന്‍ ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങിയപ്പോള്‍ ശ്രീലങ്കയിലെ മുസ്‌ലിംങ്ങള്‍ നവംബറില്‍ കൊളംബോയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്ന് സൈനുല്‍ അബിദീന് ശ്രീലങ്കയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.