| Wednesday, 3rd April 2024, 10:07 am

പ്രകോപനപരമായ നീക്കങ്ങള്‍ തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടി വരും; കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കൻ മാധ്യമങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യക്കും മോദിക്കുമെതിരെ വിമര്‍ശനവുമായി ശ്രീലങ്കയിലെ പ്രമുഖ മാധ്യമങ്ങള്‍. ഇന്ത്യയുടെ പക്കല്‍ നിന്നും പ്രകോപനപരമായ ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടി വരുമെന്നാണ് ശ്രീലങ്കയിലെ പ്രമുഖ മാധ്യമമായ ഡെയ്‌ലി ഫിനാല്‍ഷ്യല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്.

അടുത്തുള്ള ഒരു ശത്രുവിനേക്കാള്‍ സുഹൃത്തുക്കളെ കണ്ടെത്തുന്നതാകും നല്ലതെന്ന് ഡെയ്‌ലി ഫിനാന്‍ഷ്യല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കി. കച്ചത്തീവിനെ ഇന്ത്യ ശ്രീലങ്കക്ക് സമ്മാനിച്ചതാണെന്ന ഇന്ത്യയുടെ വാദം തള്ളിക്കൊണ്ട് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായിരുന്നില്ലെന്ന് ഇന്ത്യക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

ഡെയ്‌ലി മിറര്‍ എന്ന മാധ്യമവും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തി. ദീര്‍ഘ വര്‍ഷം ഉറങ്ങിയതിന് ശേഷം പെട്ടന്നൊരു സുപ്രഭാതത്തില്‍ എഴുന്നേറ്റ് വന്ന് മോദി അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ഡെയ്‌ലി മിറര്‍ കുറ്റപ്പെടുത്തിയത്. ‘കച്ചത്തീവ് വീണ്ടും, ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വിഷയം’ എന്ന തലക്കെട്ടോടെയാണ് മറ്റൊരു മാധ്യമം മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

കച്ചത്തീവിനെ ആയുധമാക്കി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ കഴിഞ്ഞദിവസം രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നത് ബൂമറാങ് പോലെ ഇന്ത്യയെ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. കച്ചത്തീവ് രാഷ്ട്രീയ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വരുത്തുന്നത് നല്ലതല്ലെന്ന് മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയും അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഇവര്‍ വ്യക്തമാക്കി.

കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയത്. 115 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കച്ചത്തീവ് ദ്വീപ് കോൺ​ഗ്രസ് ശ്രീലങ്കക്ക് നിസാരമായി കൈവിട്ടു കൊടുത്തതിനെ കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ മോദിയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരുന്നു.കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് കച്ചത്തീവ് വിഷയം മോദി പ്രചരണ ആയുധമാക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

1974ല്‍ കച്ചത്തീവ് ദ്വീപില്‍ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാന്‍ പോകുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും അവരുടെ പ്രചരണത്തിൽ ഉന്നയിച്ചത്.അതേസമയം കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015ല്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ്. ജയശങ്കര്‍ നല്‍കിയ മറുപടി കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആയുധമാക്കുകയും ചെയ്തു.

Content Highlight: Sri Lanka media against  Katchatheevu island row

We use cookies to give you the best possible experience. Learn more