ശ്രീലങ്കയില്‍ ഗോവധ നിരോധനം ഉടന്‍, നീക്കങ്ങള്‍ ഊര്‍ജിതമാക്കി രാജപക്‌സെ
World News
ശ്രീലങ്കയില്‍ ഗോവധ നിരോധനം ഉടന്‍, നീക്കങ്ങള്‍ ഊര്‍ജിതമാക്കി രാജപക്‌സെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 12:10 am

ശ്രീലങ്കയില്‍ ഗോവധ നിരോധനമേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി രാജപക്‌സെ സര്‍ക്കാര്‍. ഭരണപാര്‍ട്ടി എസ്.എല്‍.പി.പിയുമായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

രാജപക്‌സെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് കാബിനറ്റ് വക്താവും മാധ്യമ മന്ത്രിയുമായ കെഹ്ലിയ റംബുക്വെല്ലയെ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നിര്‍ദ്ദേശം സര്‍ക്കാരിന് എപ്പോള്‍ സമര്‍പ്പിക്കുമെന്നതില്‍ രാജപക്‌സെ പിന്നീട് തീരുമാനമെടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഗോവധ നിരോധം ഏര്‍പ്പെടുത്തുമെങ്കിലും രാജ്യത്ത് ബീഫ് കയറ്റുമതി തുടരും. 99 ശതമാനവും മാസം ഭക്ഷിക്കുന്നവരാണെങ്കിലും രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും ഗോവധ നിരോധനത്തിനായി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. ഭരണപാര്‍ട്ടിയായ എസ്.എല്‍.പി.പിക്ക് സിംഹള-ബുദ്ധ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണുള്ളത്.

തങ്ങള്‍ക്ക് അധികാരത്തിലേറാന്‍ വേണ്ടി രാജ്യത്തെ ന്യൂന പക്ഷങ്ങളില്‍ നിന്നും വേണ്ടെന്ന് പരസ്യമായി എസ്.എല്‍.പി.പി പറഞ്ഞിരുന്നു. കഴിഞ്ഞമാസമാണ് എസ്.എല്‍.പി.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഈ വിജയത്തോടെ നാലാം തവണയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി രജപക്‌സെ തെരഞ്ഞെടുക്കപ്പെട്ടു.

2019 ഏപ്രലില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബാക്രമണത്തിനു ശേഷം രാജ്യത്ത് മുസ്‌ലിം വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ ഗോവധ നിരോധനം വരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ