കൊളംബോ: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ശ്രീലങ്കയെ വലച്ച് കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷകക്കുറവ്.
കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് അതിവേഗം പടരുകയാണെന്നാണ് ശ്രീലങ്കന്‍ ഭരണകൂടം പറയുന്നത്.
കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനും അവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിനും വേണ്ടി രാജ്യം കഴിഞ്ഞ ദിവസം അടിയന്തരമായി സഹായമഭ്യര്‍ത്ഥിച്ചു.
ഭക്ഷ്യക്ഷാമം നേരിടുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ആഹാരം നല്‍കുന്നതിന് വേണ്ടി സ്വകാര്യ വ്യക്തികളില്‍ നിന്നും സംഭാവനകള്‍ ആവശ്യപ്പെട്ടുകൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച അടിയന്തര അപ്പീല്‍ പുറപ്പെടുവിച്ചത്.
”കൊവിഡ് മഹാമാരി അതിന്റെ ഏറ്റവുമുയര്‍ന്ന അവസ്ഥയിലായിരുന്നപ്പോള്‍, സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു, എന്നാലിപ്പോള്‍, സാമ്പത്തിക പ്രതിസന്ധി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്,” വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി നീല്‍ ബന്ദാര കൊളംബോയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കുഞ്ഞുങ്ങളുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി ഫണ്ടിങ് ആവശ്യമാണെന്നും നേരത്തെ യൂണിസെഫും അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയും പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധനെയും അധികാരമേറ്റുവെങ്കിലും ശ്രീലങ്കയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി അറസ്റ്റ്, റെയ്ഡ് പോലുള്ള നടപടികളിലേക്ക് ഭരണകൂടം കടന്നതും വലിയ വാര്‍ത്തയായിരുന്നു.
ഇതിനിടെ താന്‍ രാജി വെച്ച് പുറത്തുപോകണമെന്ന പ്രക്ഷോഭകരുടെ ആവശ്യത്തോട് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
തനിക്ക് തിരിച്ചുപോകാന്‍ ഒരു വീട് പോലുമില്ലെന്നും താന്‍ സ്ഥാനമൊഴിഞ്ഞ് വീട്ടിലേക്ക് മടങ്ങണം (goes home) എന്ന് പ്രക്ഷോഭകര്‍ പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നുമാണ് പ്രസിഡന്റ് പ്രതികരിച്ചത്.
നേരത്തെ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ സമയത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. അക്കാര്യം പരാമര്‍ശിച്ച് കൊണ്ടായിരുന്നു വിക്രമസിംഗെയുടെ പ്രതികരണം.
‘സ്വന്തമായി പോകാന്‍ ഒരു വീട് പോലുമില്ലാത്ത ഒരാളോട്, വീട്ടിലേക്ക് പോകൂ എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല,” വിക്രമസിംഗെ പറഞ്ഞു. വേണമെങ്കില്‍ വീട് പുതുക്കി പണിതതിന് ശേഷം പ്രക്ഷോഭകര്‍ക്ക് തന്നോട് ‘വീട്ടിലേക്ക് പോകാന്‍’ ആവശ്യപ്പെടാമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
തന്നോട് സമരക്കാര്‍ ‘വീട്ടിലേക്ക് പോകണം’ എന്ന് ആവശ്യപ്പെടുന്നത് വെറുതെ സമയം കളയലാണെന്നും ആ സമയം കൊണ്ട് നശിച്ചുപോയ തന്റെ വീട് പുനര്‍നിര്‍മിച്ച് തരാനാണ് പ്രക്ഷോഭകര്‍ ശ്രമിക്കേണ്ടതെന്നും പ്രസിഡന്റ് പറഞ്ഞു.
ഒന്നുകില്‍ തന്റെ വീടോ അല്ലെങ്കില്‍ ഈ രാജ്യത്തെയോ പുനര്‍നിര്‍മിക്കാനാണ് പ്രക്ഷോഭകര്‍ ശ്രമിക്കേണ്ടതെന്നും വിക്രമസിംഗെ പറഞ്ഞതായി കൊളംബോ ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Sri Lanka issued an urgent appeal to feed children suffering from malnutrition