|

ഡേയ് ലങ്കേ... ശരിക്കും നിങ്ങള്‍ ജയിച്ചോ? ഇന്ത്യക്കും പാകിസ്ഥാനും സാധിക്കാത്തത് ചെയ്തു കാട്ടിയ ഏക ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കാണ് ഇനി കളമൊരുങ്ങുന്നത്. പര്യടനത്തിലെ ടി-20 പരമ്പര സമനിലയിലാവുകയും ഏകദിന പരമ്പര ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ശേഷം നടക്കുന്ന അത്യന്തം ആവേശകരമായ ടെസ്റ്റ് പരമ്പരക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.

ലോകകപ്പിന് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. വിരാടിനും രോഹിത്തിനും പുറമെ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങി അനുഭവ സമ്പത്തുള്ള താരങ്ങളും യുവതാരങ്ങളുമായാണ് ഇന്ത്യ സൗത്ത് ആഫ്രിക്ക കീഴടക്കാന്‍ എത്തിയത്.

കടലാസില്‍ കരുത്തരാണെങ്കിലും തങ്ങളുടെ ഭൂതകാലം ഒരിക്കലും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതല്ല. സൗത്ത് ആഫ്രിക്കക്കെതിരെ സൗത്ത് ആഫ്രിക്കയില്‍ പരമ്പര നേടാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതുവരെ കളിച്ച എട്ട് പരമ്പരകളില്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒന്നില്‍ തോല്‍ക്കാതെ രക്ഷപ്പെടാനായി എന്നത് മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഹോം സ്‌റ്റേഡിയങ്ങള്‍ സൗത്ത് ആഫ്രിക്കയുടെ ഉരുക്കുകോട്ടകളാണ്. ആ കോട്ട തകര്‍ക്കാന്‍ പ്രോട്ടിയാസ് ആരെയും അനുവദിക്കാറുമില്ല. എന്നാല്‍ അത്യപൂര്‍വമായി മാത്രം സൗത്ത് ആഫ്രിക്ക സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രോട്ടിയാസിനെ തോല്‍പിച്ചവരില്‍ പ്രധാനികളാണ് ശ്രീലങ്ക.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കയെ സൗത്ത് ആഫ്രിക്കയിലെത്തി തോല്‍പിച്ച ഏക ഏഷ്യന്‍ ടീമാണ് ശ്രീലങ്ക. ഏഷ്യന്‍ ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യക്കും പാകിസ്ഥാനും ബംഗ്ലാദേശിനും സാധിക്കാത്തതാണ് ശ്രീലങ്ക ചെയ്തു കാണിച്ചത്.

ഏഴ് തവണ ലങ്കന്‍ ലയണ്‍സ് സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയെങ്കിലും ഒരിക്കല്‍ മാത്രമാണ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചത്. 2019ലായിരുന്നു ലങ്കയുടെ പരമ്പര വിജയം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് ദിമുത് കരുണരത്‌നെയും സംഘവും വിജയം സ്വന്തമാക്കിയത്.

ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റ് ഒരു വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് എട്ട് വിക്കറ്റിനാണ് ലങ്ക വിജയിച്ചുകയറിയത്.

സ്‌കോര്‍ ബോര്‍ഡ്

ആദ്യ ടെസ്റ്റ് – ഫെബ്രുവരി 13-19, 2019 (ഡര്‍ബന്‍)

സൗത്ത് ആഫ്രിക്ക – 235&259

ശ്രീലങ്ക – (T: 304) 191&304/9

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 21-23, 2019 (സെന്റ് ജോര്‍ജ്‌സ് ഓവല്‍)

സൗത്ത് ആഫ്രിക്ക – 222&128

ശ്രീലങ്ക – (T:197) 154&197/2

2019ല്‍ ശ്രീലങ്ക നേടിയ വിജയം ആവര്‍ത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. 1977 മുതലുള്ള തോല്‍വിയുടെ പരമ്പര ഇത്തവണ അവസാനിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ.

സൗത്ത് ആഫ്രിക്ക ടെസ്റ്റ് സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡെവിഡ് ബെഡിങ്ഹാം, നാന്ദ്രേ ബര്‍ഗര്‍, ജെറാള്‍ഡ് കോട്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗര്‍, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കഗീസോ റബാദ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

Content Highlight: Sri Lanka is the only Asian team who defeated South Africa in South Africa in tests