ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ തകര്‍പ്പന്‍ ജയമാണ് ഓവലില്‍ സ്വന്തമാക്കിയത്. എട്ട് വിക്കറ്റിനാണ് ധനഞ്ജയ ഡി സില്‍വയുടെ നേതൃത്വത്തില്‍ ലങ്ക മൂന്നാം ടെസ്റ്റ് വിജയിച്ചുകയറിയത്.
ആദ്യ ഇന്നിങ്‌സില്‍ 325 റണ്‍സ് നേടി ഓള്‍ ഔട്ടായ ഇംഗ്ലണ്ടിന് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയെ 263ന് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 156 റണ്‍സിന് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ച് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് വിജയലക്ഷ്യം സ്വന്തമാക്കുകയായിരുന്നു.
മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
പരമ്പര തോറ്റെങ്കിലും ശ്രീലങ്കയെ സംബന്ധിച്ച് ഈ വിജയം ഏറെ സ്പെഷ്യലാണ്. ഇംഗ്ലണ്ട് മണ്ണില്‍ ശ്രീലങ്കയുടെ നാലാമത് മാത്രം ടെസ്റ്റ് വിജയമാണിത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ശ്രീലങ്ക ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിനെല്ലാം പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ വമ്പന്‍ മുന്നേറ്റമാണ് ലങ്ക നടത്തിയത്. വിജയത്തോടെ 42.86 എന്ന പോയിന്റ് ശതമാനത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനാണ് ടീമിന് സാധിച്ചത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ ഒന്നാമതുള്ള ടീം, പോയിന്റ്
ഇന്ത്യ – 68.52
ഓസ്‌ട്രേലിയ – 62.50
ന്യൂസിലാന്‍ഡ് – 50.00
ബംഗ്ലാദേശ് – 45.83
ശ്രീലങ്ക – 42.86
ഇംഗ്ലണ്ട് – 42.19
സൗത്ത് ആഫ്രിക്ക – 38.89
പാകിസ്ഥാന്‍ – 19.05
വെസ്റ്റ് ഇന്‍ഡീസ് – 18.52
Sri Lanka leapfrog England on the #WTC25 standings thanks to victory at The Oval 🤝
More from #ENGvSL 👉 https://t.co/nY7XEQHxqh pic.twitter.com/247Nqdg4mX
— ICC (@ICC) September 10, 2024
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ആക്രമണം അഴിച്ചുവിട്ടാണ് ശ്രീലങ്ക തിരിച്ചുവന്നത്. 156 റണ്‍സിനാണ് ലങ്ക ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. ലങ്കക്കുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ലാഹിരി കുമാരയാണ്.
വെറും ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റും നേടി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും മിലന്‍ രത്‌നയാകെ ഒരു വിക്കറ്റും ടീമിന് വേണ്ടി നേടി. ബൗളര്‍മാരുടെ മികച്ച പ്രകടനത്തിലാണ് ഇംഗ്ലണ്ടിനെ ലങ്ക 156 റണ്‍സിന് തകര്‍ത്തത്.
Content Highlight: Sri Lanka In Fifth Position At World Test Championship Point Table