| Sunday, 8th September 2024, 5:02 pm

ലങ്കയ്ക്ക് കനത്ത തിരിച്ചടി; നാണക്കേട് ഒഴിവാക്കാന്‍ വിജയം അനിവാര്യം!

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 69.1 ഓവറില്‍ 325 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക 238 റണ്‍സ് നേടിയപ്പോള്‍ എട്ട് വിക്കറ്റാണ് നഷ്ടപ്പെട്ടത്. ഇതോടെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ലങ്കയ്ക്ക് ലീഡ് ഉയര്‍ത്താന്‍ സാധിക്കുമോ എന്നും സംശയമാണ്.

ഇനിയുള്ള രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടാല്‍ വമ്പന്‍ തിരിച്ചടി തന്നെയാണ് ലങ്കയെ കാത്തിരിക്കുന്നത്. നിലവില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ഇനി അഭിമാനം രക്ഷിക്കാനെങ്കിലും ലങ്കയ്ക്ക് വിജയം അനിവാര്യമാണ്.

ഓപ്പണര്‍ പാത്തും സിസങ്ക ഒമ്പത് ഫോര്‍ അടക്കം 64 റണ്‍സ് നേടി പുറത്തായപ്പോള്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയായിരുന്നു. 111 പന്തില്‍ നിന്ന് 11 ഫോര്‍ ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. താരത്തിന് കൂട്ട് നിന്നത് കമിന്തു മെന്‍ഡിസാണ്. 7 ഫോര്‍ അടക്കം 64 റണ്‍സാണ് തമിന്തു നേടയത്.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ ഒല്ലി പോപ്പാണ്. 156 പന്തില്‍ നിന്ന് രണ്ട് സിക്സറും 19 ഫെറും ഉള്‍പ്പെടെ 154 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 98.72 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. പോപ്പിന് പുറമെ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 79 പന്തില്‍ നിന്ന് 86 റണ്‍സും നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 45ല്‍ നില്‍ക്കുമ്പോള്‍ ആണ് 5 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സിനെ പുറത്താക്കി ലങ്ക ആദ്യ വിക്കറ്റ് നേടുന്നത്. ലഹിരു കുമാരയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ബെന്‍ ഡക്കറ്റിനും ജോ റൂട്ടിനും (13) ഹാരി ബ്രൂക്കിനും (19) ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല.

വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് 16 റണ്‍സും ഒല്ലി സ്റ്റോണ്‍ പുറത്താകാതെ 15 റണ്‍സും നേടിയിരുന്നു. ടീം സ്‌കോര്‍ 290 നില്‍ക്കവെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ മധ്യ നിര പിന്നീട് തകര്‍ന്നടിയുകയായിരുന്നു.

വെറും 35 റണ്‍സ് നേടുന്നതിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടപ്പെട്ടത്. ശ്രീലങ്കന്‍ ബൗളര്‍മാരുടെ അറ്റാക്കില്‍ തകരുകയായിരുന്നു ഇംഗ്ലീഷ് പട.

ലങ്കയ്ക്ക് വേണ്ടി മിലാന്‍ രത്നയാകെ മൂന്നു വിക്കറ്റും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് പുതുമുഖം ജോഷ് ഹുള്ളാണ്. മൂന്ന് വിക്കറ്റുകളാണ് താരം നിലവില്‍ നേടിയത്. ക്രിസ് വോക്‌സ്, ഒല്ലി സ്‌റ്റോണ്‍ തുടങ്ങിയവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Sri Lanka In Big Setback Against England

We use cookies to give you the best possible experience. Learn more