കൊളംബോ: ശ്രീലങ്കയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാന നഗരമായ കൊളംബോയുടെ വിവിധ ഭാഗങ്ങളിലാണ് ശ്രീലങ്കന്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ശ്രീലങ്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരായി ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി എന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് ന്യായീകരണമായി അധികൃതര്‍ പറഞ്ഞത്.
പ്രതിഷേധത്തിന്റെ ഭാഗമായി നൂറുകണക്കിന് ജനങ്ങളായിരുന്നു പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ കൊളംബോയിലെ സ്വകാര്യ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇവരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് പൊലീസ് നേരിടുകയായിരുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം കൂടിയായ കൊളംബോയിലെ നാല് പൊലീസ് ഡിവിഷനുകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് പ്രതികരിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധത്തിലാണ് ശ്രീലങ്കയിലെ ജനങ്ങള്‍.
രജപക്‌സെ ഭരണകൂടമാണെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രസിഡന്റ് ഗോതബയ രജപക്‌സെ, പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ, ധനമന്ത്രി ബാസില്‍ രജപക്‌സെ എന്നിവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. പ്രസിഡന്റ് രാജിവെക്കണമെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.
രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സ് അഥവാ സമാഗി ജന ബലവേഗയ (എസ്.ജെ.ബി) ആണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlight: Sri Lanka imposes curfew after protests outside President Rajapaksa’s home