| Tuesday, 24th May 2022, 9:51 am

സാമ്പത്തിക പ്രതിസന്ധി 'നേരിടാന്‍' ധനമന്ത്രി സ്ഥാനം ഒഴിച്ചിട്ട് ശ്രീലങ്ക; ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് പുതിയ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹീന്ദ രജപക്‌സെയും കൂടെ മറ്റ് ചില മന്ത്രിമാരും രാജി വെച്ചെങ്കിലും ശ്രീലങ്കയില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും രാജ്യത്തെ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നതാണ് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത്.

പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റതിന് പിന്നാലെ എട്ട് പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കാബിനറ്റ് വികസിപ്പിച്ചെങ്കിലും ധനമന്ത്രിയായി ആരെയും നിയമിക്കാത്തതാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്.

ഫിഷറീസ്, ആരോഗ്യം, വ്യവസായം, കൃഷി എന്നിവയടക്കമുള്ള വകുപ്പുകളിലേക്കാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്.

എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയും ഭക്ഷണവും ഇന്ധനവുമടക്കമുള്ള അവശ്യ വസ്തുക്കളുടെ വില വര്‍ധനവും ക്ഷാമവും കാരണം ജനങ്ങള്‍ പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ ധനമന്ത്രിയെ നിയമിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ പരീക്ഷിക്കുകയാണെന്നാണ് വിമര്‍ശനം.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കൃത്യമായി അഭിമുഖീകരിക്കുമെന്നും പരിഹാര മാര്‍ഗങ്ങള്‍ തേടുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേറ്റത്.

മെയ് 13നായിരുന്നു വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്നാല്‍ ഇത്രയും ദിവസമായിട്ടും ധനമന്ത്രി സ്ഥാനത്തേക്ക് ആരേയും നിയമിച്ചിട്ടില്ല.

ശ്രീലങ്കയില്‍ സംഘര്‍ഷങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളും ആരംഭിച്ച ശേഷം ഇത് അഞ്ചാം തവണയാണ് പ്രസിഡന്റ് ഗോതബയ രജപക്‌സെ മന്ത്രിസഭയില്‍ മാറ്റം വരുത്തിയത്.

അതേസമയം ശ്രീലങ്കന്‍ ടൂറിസത്തെക്കുറിച്ച് സംസാരിക്കവെ രാജ്യത്തെ പ്രതിസന്ധിയെ നിസാരവല്‍ക്കരിച്ച് കൊണ്ടുള്ള റനില്‍ വിക്രമസിംഗെയുടെ പരാമര്‍ശം വിവാദമായിരുന്നു. രാജ്യത്ത് ടൂറിസ്റ്റുകള്‍ക്ക് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുക, പ്രകടനങ്ങളില്‍ പങ്കെടുക്കുക, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ നിരവധി ഓപ്ഷനുകളുണ്ട് എന്ന വിക്രമസിംഗെയുടെ വാക്കുകളായിരുന്നു വിമര്‍ശിക്കപ്പെട്ടത്.

”ടൂറിസ്റ്റുകള്‍ക്ക് ശ്രീലങ്കയില്‍ പ്രകടനങ്ങളില്‍ പങ്കെടുക്കാം. ശ്രീലങ്കന്‍ പ്രസിഡന്റ് വീട്ടിലേക്ക് പോകണം, എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിക്കാം, അല്ലെങ്കില്‍ പ്രധാനമന്ത്രിയോട് വീട്ടിലേക്ക് പോകണമെന്ന് പറയുന്ന പ്ലക്കാര്‍ഡ് പിടിക്കാം. അതെല്ലാം ലഭ്യമാണ്,” എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ ഭരണകൂടമാണെന്നും റനില്‍ വിക്രമസിംഗെ കുറ്റപ്പെടുത്തിയിരുന്നു.

Content Highlight: Sri Lanka expands Cabinet without Finance Minister, invites protest and criticism

We use cookies to give you the best possible experience. Learn more