| Monday, 18th November 2024, 11:33 am

രോഹിത് ശര്‍മയുടേതടക്കം കണ്ണുനീര്‍ വീഴ്ത്തിയ നേട്ടം; ലങ്കയില്‍ രാവണനായി ജയസൂര്യയുടെ പട

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പല്ലേക്കലെയില്‍ നടന്ന ന്യൂസിലാന്‍ഡിന്റ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ശ്രീലങ്ക വിജയിച്ചിരുന്നു. കിവീസ് ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന്റെ ലീഡ് നേടാനും പരമ്പര സ്വന്തമാക്കാനും ശ്രീലങ്കക്കായി. ചൊവ്വാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ലങ്ക ഒരുങ്ങുന്നത്.

ഈ വര്‍ഷത്തെ ശ്രീലങ്കയുടെ അവസാന ഏകദിനമാണിത്. മറ്റൊരു ക്ലീന്‍ സ്വീപ് വിജയത്തോടെ 2024നോട് വിട പറയാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്.

ന്യൂസിലാന്‍ഡിനെതിരെയും പരമ്പര സ്വന്തമാക്കിയതോടെ ഈ വര്‍ഷം സ്വന്തം തട്ടകത്തില്‍ നടന്ന ഏല്ലാ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലങ്കക്കായി. ഈ വര്‍ഷം ആകെ കളിച്ച ആറില്‍ അഞ്ച് പരമ്പരയും ലങ്ക സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ തട്ടകത്തിലെത്തി കളിച്ച ഒറ്റ പരമ്പരയില്‍ മാത്രമാണ് ലങ്കന്‍ ടൈറ്റന്‍സ് പരാജയം രുചിച്ചത്.

സിംബാബ്‌വേയുടെ പര്യടനത്തോടെയാണ് ലങ്ക ഈ വര്‍ഷം തങ്ങളുടെ ഏകദിന മത്സരങ്ങള്‍ ആരംഭിച്ചത്. പരമ്പരയിലെ ആദ്യ മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ശേഷിക്കുന്ന രണ്ട് മത്സരവും ലങ്ക സ്വന്തമാക്കി.

ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാനാണ് ലങ്കയില്‍ പര്യടനത്തിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒന്നില്‍ പോലും സന്ദര്‍ശകരെ വിജയിക്കാന്‍ അനുവദിക്കാതെ ശ്രീലങ്ക വിജയം സ്വന്തമാക്കി.

ലോകകപ്പിന് തൊട്ടുമുമ്പ് ബംഗ്ലാദേശിനെതിരെ അവരുടെ തട്ടകത്തിലെത്തി കളിച്ചപ്പോള്‍ മാത്രമാണ് ശ്രീലങ്കക്ക് ഏകദിനത്തില്‍ കൈപൊള്ളിയത്. പര്യടനത്തിലെ ടെസ്റ്റ്, ടി-20 പരമ്പരകളില്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പരയില്‍ 2-1ന്റെ പരാജയം നേരിട്ടു.

പരിശീലക സ്ഥാനത്തേക്ക് സനത് ജയസൂര്യയെന്ന അതികായനെത്തിയതോടെ ലങ്ക കൂടുതല്‍ ശക്തരായി. ആ ശക്തിയുടെ പ്രദര്‍ശനമായിരുന്നു ഇന്ത്യക്കെതിരെ കണ്ടത്. 1997ന് ശേഷം ശ്രീലങ്ക ഇന്ത്യക്കെതിരെ ആദ്യമായി നേടുന്ന ഏകദിന പരമ്പര വിജയത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിജയിച്ച് ലങ്ക ലീഡ് നേടി. ഏറെ കാലത്തിന് ശേഷം ഇന്ത്യയോട് ഒരു പരമ്പര പരാജയപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം മത്സരത്തിനിറങ്ങിയ ലങ്ക 110 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ കരിബീയന്‍ കരുത്തര്‍ക്കെതിരെ 2-1ന് പരമ്പര സ്വന്തമാക്കിയ ലങ്ക ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കകയാണ്.

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര നഷ്ടപ്പെടുത്തിയതിന് ശേഷം സ്വന്തം തട്ടകത്തില്‍ നടന്ന ഒറ്റ പരമ്പരയില്‍ പോലും ശ്രീലങ്ക തോല്‍വിയറിഞ്ഞിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

Content highlight: Sri Lanka didn’t lost a single ODI home series in 2024

We use cookies to give you the best possible experience. Learn more