കടിച്ചുകീറി സിംഹങ്ങള്‍, അറബ് വസന്തത്തിന് അന്ത്യം; ആദ്യ തോല്‍വിയില്‍ നീറി ഒമാന്‍
World Cup 2023
കടിച്ചുകീറി സിംഹങ്ങള്‍, അറബ് വസന്തത്തിന് അന്ത്യം; ആദ്യ തോല്‍വിയില്‍ നീറി ഒമാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd June 2023, 4:49 pm

ഐ.സി.സി ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഒമാന് കണ്ണുനീര്‍. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയോട് പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഒമാന് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് പന്തെറിഞ്ഞ ബൗളര്‍മാര്‍ ഒമാന്റെ പതനം വേഗത്തിലാക്കി.

ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ ഒമാന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഒമ്പത് പന്തില്‍ നിന്നും ഒറ്റ റണ്‍സ് നേടിയ കശ്യപ്കുമാര്‍ ഹരീഷ് ഭായിയെ മടക്കി ലാഹിരു കുമാരയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

ടീമിന്റെ നെടുംതൂണുകളായ ആഖിബ് ഇല്യാസ് (13 പന്തില്‍ ആറ്), ക്യാപ്റ്റന്‍ സീഷന്‍ മഖ്‌സൂദ് (എട്ട് പന്തില്‍ ഒന്ന്), മുഹമ്മദ് നദീം (ഏഴ് പന്തില്‍ പൂജ്യം) എന്നിവര്‍ വന്നപോലെ മടങ്ങിയതോടെ ഒമാന്‍ പരുങ്ങി.

എന്നാല്‍ ഒരുവശത്ത് നിന്ന് 43 പന്തില്‍ നിന്നും 21 റണ്‍സ് നേടിയ ജിതേന്ദര്‍ സിങ്ങും 60 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ അയന്‍ ഖാനും ഒരു ചെറുത്ത്‌നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ 30.2 ഓവറില്‍ 98 റണ്‍സിന് ഒമാന്‍ ഓള്‍ ഔട്ടായി.

ലങ്കക്കായി വാനിന്ദു ഹസരങ്ക ഫൈഫര്‍ തികച്ചപ്പോള്‍ ലാഹിരു കുമാര മൂന്ന് വിക്കറ്റും കാസുന്‍ രാജിത ഒരു വിക്കറ്റും വീഴ്ത്തി.

ജിതേന്ദര്‍ സിങ്, അയാന്‍ ഖാന്‍, ഷോയിബ് ഖാന്‍, ജയ് ഒഡേദര, ബിലാല്‍ ഖാന്‍ എന്നിവരെയാണ് ഹസരങ്ക മടക്കിയത്.

99 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 ഓവറില്‍ വിജയം കുറിച്ചു. 51 പന്തില്‍ നിന്നും 61 റണ്‍സ് നേടിയപ്പോള്‍ പാതും നിസങ്ക 39 പന്തില്‍ 37 റണ്‍സും നേടി.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും ലങ്കക്കായി. ആദ്യ രണ്ട് മത്സരവും വിജയിച്ച ഒമാനാണ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമത്. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഒമാനുള്ളത്.

ജൂണ്‍ 25നണ് ക്വാളിഫയര്‍ റൗണ്ടിലെ ഒമാന്റെ അവസാന മത്സരം. സ്‌കോട്‌ലാന്‍ഡനെതിരെ ബുലവായോ അത്‌ലറ്റിക് ക്ലബ്ബ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തല്‍ വിജയിക്കാന്‍ സാധിച്ചാല്‍ ലോകകപ്പ് കളിക്കാനുള്ള ഒമാന്റെ സധ്യതകളും വര്‍ധിക്കും.

 

Content highlight: Sri Lanka defeats Oman in ICC World Cup Qualifiers