ഇന്ത്യയെ നാണംകെടുത്താം, പക്ഷേ സോറി ശ്രീലങ്കയോട് പറ്റൂല; ന്യൂസിലാന്‍ഡിനെ പഞ്ഞിക്കിട്ട് ലങ്കന്‍ ഗര്‍ജനം
Sports News
ഇന്ത്യയെ നാണംകെടുത്താം, പക്ഷേ സോറി ശ്രീലങ്കയോട് പറ്റൂല; ന്യൂസിലാന്‍ഡിനെ പഞ്ഞിക്കിട്ട് ലങ്കന്‍ ഗര്‍ജനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th November 2024, 11:25 am

ശ്രീലങ്കയോട് അവരുടെ തട്ടകത്തില്‍ നേരിട്ട ടെസ്റ്റ് പരമ്പര പരാജയത്തിന് പകരം ചോദിക്കാനെത്തിയ കിവികള്‍ക്ക് തിരിച്ചടി. ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തി ശ്രീലങ്ക. ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക ആറ് പന്തും നാല് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ഓപ്പണര്‍ ടിം റോബിന്‍സണെ കിവീസിന് നഷ്ടമായി. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടി നില്‍ക്കവെ ദുനിത് വെല്ലാലാഗെക്ക് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ മാര്‍ക് ചാപ്മാനെ ഒറ്റ റണ്‍സിന് പുറത്താക്കി നുവാന്‍ തുഷാര ന്യൂസിലാന്‍ഡിന് അടുത്ത പ്രഹരമേല്‍പിച്ചു. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ലങ്ക കിവികളെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ അനുവദിച്ചില്ല.

ഒമ്പതാം നമ്പറിലിറങ്ങിയ സാക്രി ഫോള്‍ക്‌സാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 16 പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് താരം നേടിയത്. മൈക്കല്‍ ബ്രേസ്വെല്ലും 27 റണ്‍സ് നേടി പുറത്തായി.

 

ശ്രീലങ്കക്കായി ദുനിത് വെല്ലാലാഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. നുവാന്‍ തുഷാര, വാനിന്ദു ഹസരങ്ക, മതീശ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മഹീഷ് തീക്ഷണയാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് കുശാല്‍ മെന്‍ഡിസിനെ പൂജ്യത്തിന് നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ ആതിഥേയരെ വിജയത്തിലേക്കടുപ്പിച്ചു.

ക്യാപ്റ്റന്‍ ചരിത് അസലങ്ക 28 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടി. കാമിന്ദു മെന്‍ഡിസ് (16 പന്തില്‍ 23), കുശാല്‍ പെരേര (17 പന്തില്‍ 23), വാനിന്ദു ഹസരങ്ക (23 പന്തില്‍ 22), പാതും നിസങ്ക (14 പന്തില്‍ 19) എന്നിവരാണ് ലങ്കക്കായി സ്‌കോര്‍ ചെയ്ത മറ്റ് ബാറ്റര്‍മാര്‍.

ഒടുവില്‍ 19ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക വിജയം സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ആതിഥേയര്‍ക്കായി.

ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. ദാംബുള്ള തന്നെയാണ് വേദി.

 

Content highlight: Sri Lanka defeated New Zealand in 1st T20