Advertisement
Sports News
മൈറ്റി ഓസീസ് വെറും 107ന് പുറത്ത്, ലങ്കയ്ക്ക് 174 റണ്‍സിന്റെ കൂറ്റന്‍ വിജയം; പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് ശ്രീലങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 14, 11:10 am
Friday, 14th February 2025, 4:40 pm

ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും കൂറ്റന്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് കൈപ്പിടിയിലൊതുക്കാനും ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് കണക്കുവീട്ടാനും അസലങ്കയ്ക്കും സംഘത്തിനും സാധിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തേക്കാള്‍ മികച്ച വിജയമാണ് ലങ്ക രണ്ടാം മത്സരത്തില്‍ സ്വന്തമാക്കിയത്.

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ചരിത് അസലങ്ക, നിഷാന്‍ മധുശങ്ക എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കുശാല്‍ മെന്‍ഡിസ് 115 പന്തില്‍ 101 റണ്‍സ് അടിച്ചെടുത്തു. 11 ഫോറുകളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ചരിത് അസലങ്ക രണ്ടാം മത്സരത്തിലും തന്റെ ക്ലാസ് വ്യക്തമാക്കി. 66 പന്തില്‍ പുറത്താകാതെ 78 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

70 പന്ത് നേരിട്ട് 51 റണ്‍സാണ് മധുശങ്ക നേടിയത്. 21 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ ജനിത് ലിയനാഗെയും തിളങ്ങി.

ഒടുവില്‍ 282 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ കങ്കാരുക്കള്‍ക്ക് മുമ്പില്‍ വെച്ചു.

ഓസ്‌ട്രേലിയക്കായി ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷിയസ്, ആദം സാംപ, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഓസീസ് പരമ്പര നഷ്ടമാകാതിരിക്കാന്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്.

എന്നാല്‍ 282 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. വെറും മൂന്ന് താരങ്ങള്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 34 പന്തില്‍ 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍.

27 പന്തില്‍ 22 റണ്‍സടിച്ച ജോഷ് ഇംഗ്ലിസും 18 പന്തില്‍ 18 റണ്‍സ് നേടിയ ട്രാവിസ് ഹെഡുമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (മൂന്ന് പന്തില്‍ ഒന്ന്), ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (ഒമ്പത് പന്തില്‍ ഒമ്പത്) എന്നിവരടക്കം പാടെ നിരാശപ്പെടുത്തിയതോടെ ഓസീസ് 24.2 ഓവറില്‍ വെറും 107 റണ്‍സിന് പുറത്തായി.

ലങ്കയ്ക്കായി ദുനിത് വെല്ലാലാഗെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാനിന്ദു ഹസരങ്ക, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.

ചാമ്പ്യന്‍സ് ട്രോഫി പടിവാതില്‍ക്കലെത്തി നില്‍ക്കവെ നേരിട്ട തോല്‍വി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പാറ്റ് കമ്മിന്‍സ് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവം പരാജയത്തിന് കാരണമായി പറയാമെങ്കിലും സീനിയര്‍ താരങ്ങളടക്കമുള്ള ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ല.

 

Content Highlight: Sri Lanka defeated Australia, Clean sweeps the series