| Monday, 4th April 2022, 8:06 am

പ്രക്ഷോഭച്ചൂടില്‍ ലങ്ക; ശ്രീലങ്കയില്‍ മന്ത്രിസഭ രാജിവെച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയില്‍ മന്ത്രിസഭ രാജിവെച്ചതായി റിപ്പോര്‍ട്ട്. മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് കൈമാറിയതായി വിദ്യാഭ്യാസമന്ത്രിയും സഭാനേതാവുമായ ദിനേശ് ഗുണവര്‍ധന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച രാത്രിവൈകി നടന്ന യോഗത്തിനുശേഷമാണ് രാജി തീരുമാനം.

രാജിവെച്ചവരില്‍ മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെയും ഉണ്ട്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജിവെക്കുന്നതായി നമല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ രജപക്‌സെ രാജിവെച്ചുവെന്ന റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് തള്ളുകയായിരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ വര്‍ധിച്ചു വരുന്ന പ്രക്ഷോഭങ്ങള്‍ കാരണം നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, സര്‍ക്കാരിന്റ നടപടിയെ പരസ്യമായി വിമര്‍ശിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകനും മന്ത്രിയുമായ നമല്‍ രജപക്സെ രംഗത്തെത്തിയിരുന്നു.

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനത്തെയാണ് ട്വീറ്റിലൂടെ നമല്‍ വിമര്‍ശിച്ചത്.

സര്‍ക്കാരിനെതിരെയുള്ള, പ്രത്യേകിച്ചും പ്രസിഡന്റ് ഗോതബയ രജപക്സെക്കെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളെല്ലാം രാജ്യത്ത് നിരോധിച്ചുകൊണ്ട് ഞായറാഴ്ച ഉത്തരവിറക്കുകയായിരുന്നു.

എന്നാല്‍ നമല്‍ രജപക്സെയുടെ ട്വീറ്റിന് തൊട്ടുപിന്നാലെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30ഓടെ സമൂഹമാധ്യമങ്ങള്‍ക്ക് മേലുള്ള വിലക്ക് നീക്കുമെന്ന് പറഞ്ഞുകൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Content Highlights: Sri Lanka Crisis Live Updates: Sri Lankan Cabinet Resigns Amid Worsening Economic Crisis

We use cookies to give you the best possible experience. Learn more