തോല്‍വിയില്‍ വിശദീകരണം തേടി കായിക മന്ത്രി; രാജിവെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി
Cricket
തോല്‍വിയില്‍ വിശദീകരണം തേടി കായിക മന്ത്രി; രാജിവെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th November 2023, 4:53 pm

ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ശ്രീലങ്കയുടെ ക്രിക്കറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് മോഹന്‍ ഡി സില്‍വ. വ്യാഴാഴ്ച മുംബൈയില്‍ നടന്ന മത്സരത്തില്‍ മുംബൈയോട് 302 റണ്‍സിനാണ് ലങ്കന്‍ ടീം തോല്‍വി വഴങ്ങിയത്.

ശ്രീലങ്കയുടെ തോല്‍വിക്ക് കാരണം സെലക്ഷന്‍ കമ്മിറ്റിയും ശ്രീലങ്കന്‍ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനുമാണെന്ന് സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ റോഷന്‍ റണസിങ്കെ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മോഹന്‍ ഡി സില്‍വയുടെ രാജി.

ഷമ്മി സില്‍വ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന എസ്.എല്‍.സി അഡ്മിനിസ്‌ട്രേഷനോട് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യയോട് 55 റണ്‍സിന് ഓള്‍ ഔട്ടായതിന്റെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സില്‍വ എല്‍.എല്‍സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 2025 വരെയാണ് കാലാവധി.

നവംബര്‍ ആറിന് ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് ശ്രീലങ്കക്ക് വിജയിക്കാന്‍ സാധിച്ചിരുന്നത്.

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത് ടോട്ടല്‍ എന്ന മോശം റെക്കോഡും തലയില്‍ പേറിയാണ് വന്‍ തോല്‍വിയില്‍ തലകുനിച്ചുനിന്നത്.

ലങ്കന്‍ ഇന്നിങ്സിലെ ആദ്യ പന്ത് മുതല്‍ക്കുതന്നെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടി ലഭിച്ചിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തില്‍ പാതും നിസംഗയെ പുറത്താക്കി ബുംറയും രണ്ടാം ഓവറില്‍ ദിമുത് കരുണ രത്നയെയും സധീര സമരവിക്രമയെയും പുറത്താക്കി മുഹമ്മദ് സിറാജും ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി.

തന്റെ ഏഴാം പന്തില്‍ മൂന്നാം വിക്കറ്റും വീഴ്ത്തിയ സിറാജ് ലങ്കയെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. വാശിയേറിയ പോരാട്ടത്തിന്റെ 20ാം ഓവറിലെ നാലാം പന്തില്‍ ലങ്ക 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

Content Highlights: Sri Lanka Cricket Secretary Mohan De Silva resigns