| Sunday, 29th September 2024, 10:08 am

അവന്‍മാര്‍ ഈ പോക്കാണെങ്കില്‍ ഫൈനലില്‍ ഇന്ത്യ ഏറെ പാടുപെടും; മാജിക് ഒളിപ്പിച്ച് സര്‍പ്രൈസ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും വിജയപ്രതീക്ഷയുമായി ആതിഥേയര്‍. ഗല്ലെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഫോളോ ഓണിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് എന്ന നിലയിലാണ്. ഇപ്പോള്‍ തന്നെ 315 റണ്‍സിന്റെ മുന്‍തൂക്കം ലങ്കക്കുണ്ട്.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യും മുമ്പേ 602 റണ്‍സാണ് ലങ്കന്‍ സിംഹങ്ങള്‍ അടിച്ചുകൂട്ടിയത്.

സൂപ്പര്‍ താരങ്ങളായ കാമിന്ദു മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് ലങ്ക തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ടെസ്റ്റില്‍ 63 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ലങ്ക രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയമാണ് ലക്ഷ്യമിടുന്നത്.

ഈ മത്സരത്തിലും വിജയിച്ചാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാക്കാന്‍ ലങ്കക്ക് സാധിക്കും. നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും നാല് വീതം ജയവും തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ലങ്ക. 50 എന്ന വിജയശതമാനമാണ് ടീമിനുള്ളത്. ഗല്ലെ ടെസ്റ്റിലും വിജയിച്ചാല്‍ ടീമിന്റെ ജയശതമാനം 55.5ലേക്ക് ഉയരും.

രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ മറികടക്കാന്‍ സാധിക്കില്ലെങ്കിലും ഫൈനല്‍ പ്രതീക്ഷ കൈവിടാതെ സൂക്ഷിക്കാന്‍ ലങ്കക്ക് സാധിക്കും. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടുക.

ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ ജയത്തിന് പിന്നാലെ ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള ഓസ്‌ട്രേലിയയെക്കാള്‍ ഏറെ മുമ്പിലണ് ഇന്ത്യ. ശേഷിക്കുന്ന ടെസ്റ്റിലും മികച്ച പ്രകടനം തന്നെ പുറത്തെടുത്താല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിച്ചേക്കും.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും മുമ്പ് ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. കിവികള്‍ക്കെതിരെയും ഇന്ത്യ സ്വന്തം തട്ടകത്തില്‍ തന്നെയാണ് കളിക്കുക. ഈ ഹോം അഡ്വാന്റേജ് മുതലാക്കാനായാല്‍ ഫൈനലിലേക്ക് ഒരു ചുവടുകൂടി വെക്കാന്‍ ഇന്ത്യക്ക് സാധിക്കും

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ അവസാന പരമ്പരക്കായി ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കളുടെ നാട്ടില്‍ കളിക്കുക. ഇന്ത്യക്കെതിരെ നടക്കുന്ന ഈ പരമ്പരയായിരിക്കും കങ്കാരുക്കളുടെ വിധി തീരുമാനിക്കുക. ഇതിന് ശേഷം രണ്ട് മത്സരങ്ങളുടെ പരമ്പര ഓസീസ് കളിക്കുമെങ്കിലും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയായിരിക്കും ടീമിന്റെ ജയശതമാനത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തുക.

കഴിഞ്ഞ രണ്ട് തവണയും സ്വന്തം തട്ടകത്തില്‍ ഓസ്ട്രേലിയക്ക് ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ തുടരുന്ന മികച്ച ഫോം ഇന്ത്യ ഓസ്ട്രേലിയയിലും കണ്ടെത്തിയാല്‍ പാറ്റ് കമ്മിന്‍സും സംഘവും ഫൈനല്‍ കളിക്കാന്‍ വിയര്‍ക്കേണ്ടി വരും.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് പുറമെ ഒരു പരമ്പര കൂടിയാണ് ഓസ്‌ട്രേലിയക്ക് ഈ സൈക്കിളില്‍ കളിക്കാനുള്ളത്. വോണ്‍-മുരളീധരന്‍ ട്രോഫിക്കായി കങ്കാരുക്കള്‍ ശ്രീലങ്കയില്‍ പര്യടനം നടത്തും. രണ്ട് മത്സരങ്ങളാണ് ഓസ്‌ട്രേലിയ ലങ്കയില്‍ കളിക്കുക. ഈ പരമ്പരയായിരിക്കും ഇരു ടീമിന്റെയും ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമാവുക.

ഈ പരമ്പരക്ക് മുമ്പ് ശ്രീലങ്ക രണ്ട് മത്സരങ്ങളുടെ മറ്റൊരു പരമ്പര കൂടി കളിക്കും. സൗത്ത് ആഫ്രിക്കയെ അവരുടെ തട്ടകത്തിലെത്തിയാണ് ലങ്ക നേരിടുക. സൗത്ത് ആഫ്രിക്കക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും പരമ്പര നേടാന്‍ ശ്രീലങ്കക്ക് സാധിച്ചാല്‍ ലോര്‍ഡ്‌സിലെത്തുന്ന ടീമുകളിലൊന്ന് ലങ്കയായിരിക്കും.

Content highlight: Sri Lanka continue to perform well in the World Test Championship

We use cookies to give you the best possible experience. Learn more