ലങ്ക ഫൈനലില്‍ കടന്നു
DSport
ലങ്ക ഫൈനലില്‍ കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th October 2012, 6:26 am

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെ പുറത്താക്കി ശ്രീലങ്ക ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ പാകിസ്ഥാനെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ കടന്നത്‌. ആദ്യം ബാറ്റ്‌ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 20 ഓവറില്‍ 123 റണ്‍സ് മാത്രമേ നേടുവാനായുള്ളൂ. ബാറ്റിങ്ങ് ദുഷ്‌കരമായ കൊളംബോയിലെ പിച്ചില്‍ രണ്ട് ടീമിലേയും ബാറ്റ്‌സ്മാന്മാര്‍ വന്‍ സ്‌കോര്‍ കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ ബൗളര്‍മാരുടെ മികവാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.[]

ബൗളിങ് പിച്ചില്‍ 140 റണ്‍സ് ദുഷ്‌കരമായ ഒരു ടോട്ടലാണെന്ന് ശ്രീലങ്കന്‍ ബാറ്റിങ്ങിന്റെ ഗതിയില്‍ നിന്നും മനസ്സിലാക്കിയ പാകിസ്ഥാന് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും, ഇമ്രാന്‍ നസീറും പതിഞ്ഞ തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്പിന്നര്‍മാര്‍ പന്ത് എടുത്തതോടെ പാക്ക് പ്രതിരോധത്തിന് വിള്ളല്‍ വീണു. അജന്ത മെന്‍ഡീസ് ഇമ്രാന്‍ നസീറിനെ (20) പുറത്താക്കി. തുടര്‍ന്ന് പാകിസ്ഥാന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുവാന്‍ തുടങ്ങി. നാസീര്‍ ജംഷാദ് (4), കംമ്രാന്‍ അക്മല്‍ (1), ഷോയ്ബ് മാലിക്ക്(6) എന്നിവര്‍ അതിവേഗം പുറത്തായി.

എന്നാല്‍ തുടര്‍ന്ന് വമ്പന്‍ അടികള്‍ക്ക് ശ്രമിച്ച് ക്രീസില്‍ നിന്ന ക്യാപ്റ്റന്‍ ഹഫീസ് (42)പാകിസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും രങ്കണ ഹെരാത്തിന്റെ പന്തില്‍ പുറത്തായി, അടുത്ത പന്തില്‍ തന്നെ അപകടകാരിയായ ഷഹീദ് അഫ്രിഡിയെയും ഹെരാത്ത് വീഴ്ത്തി. ഇതോടെ പാകിസ്ഥാന്റെ അവസാന ചെറുത്ത് നില്‍പ്പും അവസാനിച്ചു. തുടര്‍ന്ന് ഒറ്റയ്ക്ക് ചെറുത്തുനില്‍പ്പ് നടത്തിയ ഉമര്‍ അക്മലിന് ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഹെരാത്ത് മൂന്നുവിക്കറ്റും, മെന്‍ഡീസ് 2 വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ശ്രീലങ്ക തുടക്കത്തില്‍ തന്നെ പിച്ചിലൊളിഞ്ഞിരിക്കുന്ന ഭൂതത്തെ തിരിച്ചറിഞ്ഞിരിന്നു. അത്രയും പേസും, ടെണും ലഭിക്കുന്ന പിച്ചായിരുന്നു ആദ്യ സെമിക്കായി പ്രേമദാസ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. ഓപ്പണറായി പ്രോമോഷന്‍ എടുത്ത ജയവര്‍ദ്ധനയും,ദില്‍ഷനും ശ്രദ്ധയോടുള്ള കളിയാണ് ആദ്യം പുറത്തെടുത്തത്. അതിനാല്‍ തന്നെ പാക്ക് പേസര്‍മാരെയും സ്പിന്നര്‍മാരെയും നന്നായി തന്നെ അവര്‍ നേരിട്ടു.

ആദ്യവിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ പത്തോവറില്‍ ഇതൊരു മികച്ചസ്‌കോറല്ല എന്നതിനാല്‍ കൂറ്റനടിക്ക് ശ്രമിച്ച ജയവര്‍ദ്ധന 42 റണ്‍സ് എടുത്ത് പുറത്തായി തുടര്‍ന്ന് കളത്തിലെത്തിയ സംഗക്കാര (11) വേഗം തന്നെ കൂടാരം കയറി. തുടര്‍ന്നും പാകിസ്ഥാന്‍ പന്തേറുകാരെ നേരിടാന്‍ വിഷമിച്ച ശ്രീലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ദില്‍ഷന്‍ 35,മെന്‍ഡീസ് 15 എന്നിങ്ങനെയായിരുന്നു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. വെറും ആറ് മുതല്‍ എട്ടുറണ്‍സുവരെയായിരുന്നു പാക് ബൗളര്‍മാരുടെ ഇക്കോണമി എന്നതുതന്നെ എത്ര ശക്തമായിരുന്നു പാക്ക് ബൗളിങ് എന്ന് തെളിയിക്കുന്നു.