ഭീകരാക്രമണം: ശ്രീലങ്കയില്‍ അധ്യാപകനും പ്രിന്‍സിപ്പാളുമടക്കം 106 പേര്‍ അറസ്റ്റില്‍
കൊളംബൊ: ഈസ്റ്റര്‍ദിനത്തിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ തമിഴ് അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പാളുമടക്കം 106 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ പൊലീസ്. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
50 സിം കാര്‍ഡുകളുമായാണ് 40 വയസുകാരനായ അധ്യാപകനെ അറസ്റ്റ് ചെയ്തത്. കാല്‍പിറ്റിയ പൊലീസും നേവിയും നടത്തിയ സംയുക്ത റെയ്ഡിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
നാഷണല്‍ തൗഹീദ് ജമാഅത്ത്(എന്‍.ടി.ജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെ ശ്രീലങ്ക ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ നിരോധിക്കുന്നത്.
ഈ സംഘടനകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ വസ്തുവകകളും കണ്ടുകെട്ടുമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സഹറാന്‍ ഹാഷിമാണ് എന്‍.ടി.ജെയുടെ സ്ഥാപകന്‍. ജമാഅത്തെ മില്ലത്ത് ഇബ്രാഹിമിലെ അംഗങ്ങളും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്.