ഞാനാണ് അയാളെ പള്ളിയിലേക്ക് ക്ഷണിച്ചത്: ശ്രീലങ്കന്‍ പള്ളിയില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേറിനെ ഓര്‍ത്തെടുത്ത് പാസ്റ്റര്‍
World News
ഞാനാണ് അയാളെ പള്ളിയിലേക്ക് ക്ഷണിച്ചത്: ശ്രീലങ്കന്‍ പള്ളിയില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ ചാവേറിനെ ഓര്‍ത്തെടുത്ത് പാസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 10:48 am

കൊളംബൊ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ സിയോണ്‍ പള്ളിയിലേക്ക് ബോംബുമായെത്തിയ ചാവേറിനെ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ചത് താനായിരുന്നുവെന്ന് പാസ്റ്ററായ ബ്രദര്‍ സാറ്റാന്‍ലി. ആശുപത്രിയില്‍ വെച്ച് ബി.ബി.സി തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാന്‍ലി ഭീകരനെ കുറിച്ച് സംസാരിച്ചത്.

”പ്രാര്‍ത്ഥന എപ്പോഴാണ് തുടങ്ങുകയെന്ന് അയാള്‍ ചോദിച്ചു. ഒമ്പത് മണിക്ക് തുടങ്ങുമെന്നും ഉള്ളിലേക്ക് കയറിയിരിക്കാമെന്നും ഞാനയാളോട് പറഞ്ഞു. ഫോണ്‍ വരാനുണ്ടെന്നും പിന്നീട് വരാമെന്നും പറഞ്ഞ് ക്ഷണം നിരസിക്കുകയാണുണ്ടായത്. മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു അയാള്‍. തോളിലൊരു ബാഗും മുന്‍വശത്തായി ഒരു ക്യാമറാ ബാഗുമാണ് അയാളുടെ കൈയിലുണ്ടായിരുന്നത്.

ചര്‍ച്ചിന് മുന്നിലെ ഓഫീസിന് സമീപമാണ് അയാള്‍ നിന്നത്. കുട്ടികളാണ് പറഞ്ഞത് ബോംബുമായി പൊട്ടിത്തെറിച്ചത് അയാളാണെന്ന്.

പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഞാന്‍ പള്ളിയ്ക്കകത്തേക്ക് പോയി. ഒന്നോ രണ്ടോ മിനുട്ട് കഴിഞ്ഞപ്പോള്‍ പള്ളിയുടെ പുറത്തുവെച്ച് അയാള്‍ ബോബ് പൊട്ടിക്കുകയായിരുന്നു. സണ്‍ഡേ ക്ലാസുകള്‍ കഴിഞ്ഞ് കുറേ കുട്ടികളെ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ബോംബ് പൊട്ടിയത്.

സ്‌ഫോടനത്തില്‍ സമീപത്തുള്ള വാഹനങ്ങള്‍ക്കും ജനറേറ്ററുകള്‍ക്കും തീപിടിച്ചു. തീ കാരണം ഞങ്ങള്‍ക്ക് പരിക്കേറ്റവരെ രക്ഷിക്കാനായില്ല. ഒന്നോ രണ്ടോ കുട്ടികളെ തീയില്‍ നിന്ന് രക്ഷപ്പെടുത്താനായി. പറ്റാവുന്നവരെയെല്ലാം രക്ഷപ്പെടുത്തി. ഇതിന് ശേഷം വലിയൊരു സ്‌ഫോടനമുണ്ടായി. ആരാണ് മരിച്ചത്, രക്ഷപ്പെട്ടതെന്നറിയാതെ ഞങ്ങള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്. എന്റെ മകനെയും ഭാര്യയെയും കാണാതായി. ആശുപത്രിയിലാണ് പിന്നീടവരെ കണ്ടെത്തിയത്.”

14 കുട്ടികളടക്കം 29 പേരാണ് സിയോണ്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്.