കൊളംബോ: മുസ്‌ലിം പള്ളിയ്‌ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും താല്‍ക്കാലികമായി ബ്ലോക്കു ചെയ്തു.
ഫേസ്ബുക്കിലൂടെ തുടങ്ങിയ തര്‍ക്കത്തിനു പിന്നാലെ ഞായറാഴ്ച പടിഞ്ഞാറന്‍ തീരത്തുള്ള ചിലൗ നഗരത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ മുസ്‌ലിം പള്ളിയ്ക്കുനേരെ കല്ലേറു നടന്നിരുന്നു. മുസ് ലീം ഉടമസ്ഥതയിലുള്ള ഒരു കടയ്ക്കുനേരെയും കല്ലേറു നടന്നിരുന്നു. കടക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉടമസ്ഥനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 38 കാരനായ അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ ആണ് അറസ്റ്റിലായത്.
‘ഒരു ദിവസം നിങ്ങളും കരയും’ എന്ന അദ്ദേഹത്തിന്റെ കമന്റ് അക്രമഭീഷണിയാണെന്നാണ് ആളുകള്‍ പറഞ്ഞത്.
ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും കുര്‍ണേഗല ജില്ലയ്ക്കു സമീപത്തുവെച്ച് ഒരു സംഘത്തെ അധികൃതര്‍ അറസ്റ്റു ചെയ്തിരുന്നു. മുസ്‌ലിം യുവാവിന്റെ ഉടമസ്ഥതയിലുള്ള കട ആക്രമിച്ചതിനായിരുന്നു അറസ്റ്റ്.